Ticker

6/recent/ticker-posts

ഓപ്പറേഷൻ തൂഫാൻ : പൊലീസ് മരിച്ചെന്ന് കരുതി, പേര് മാറ്റി ഒളിവിൽ കഴിയുകയായിരുന്ന പ്രതി 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ

കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ, സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയായി 13 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ഇരിട്ടി മട്ടിണി സ്വദേശി കിഴക്കുമ്പുറം കെ. ടി. ജോസ് 56 പിടിയിലായി.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ആന്ധ്രാപ്രദേശിൽ നടത്തിയ സമർത്ഥമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ “കൊറ ജോഷ് ബാബു” എന്ന പേരിൽ  കഴിഞ്ഞുവരികയായിരുന്നു .
മുൻകാലങ്ങളിൽ കേരളത്തിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ ലഹരി വസ്തുക്കൾ കടത്തിയിരുന്നവരെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് കെ. ടി. ജോസിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. കണ്ണൂർ ടൗൺ, തലശ്ശേരി, ഇരിട്ടി, ഉളിക്കൽ, പാലക്കാട് ടൗൺ സൗത്ത് എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കടത്ത് കേസുകളിൽ ഇയാൾ പ്രതിയാണ്.
2012-ൽ ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മട്ടിണിലുള്ള ജോസ് താമസിച്ചിരുന്ന വീട്ടിൽ നിന്ന് 8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി പിന്നീട് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കെ. കാർത്തികിൻ്റെ
 മേൽനോട്ടത്തിലും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലും നടത്തിയ പ്രത്യേക അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
പ്രത്യേക അന്വേഷണ സംഘം പ്രതിയുടെ സ്വദേശമായ ഇരിട്ടി മട്ടിണി നടത്തിയ അന്വേഷണത്തിൽ, ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ജോസ് പിന്നീട് നാട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും, മാതാവിന്റെയും സഹോദരന്റെയും മരണസമയത്ത് പോലും നാട്ടിലെത്തിയിട്ടില്ലെന്നും കണ്ടെത്തി. ഇതോടെ ഇയാൾ മരണപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
തുടർന്ന്, 2012-ൽ ഒളിവിൽ പോകുന്നതിന് മുമ്പ് ജോസ് ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ, സുഹൃത്തുക്കൾ, പരിചയക്കാർ തുടങ്ങിയവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. ശാസ്ത്രീയ അന്വേഷണത്തിലൂടെ ഇയാൾ വയനാട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ വിവിധ കാലയളവുകളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി കണ്ടെത്തി.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം ആന്ധ്രാപ്രദേശിലേക്ക് എത്തിയത്. ആന്ധ്രാപ്രദേശ്–ഒഡീഷ അതിർത്തിയിലെ ഒരു ഗ്രാമത്തിൽ ചിക്കൻ ഫാം നടത്തി താമസിക്കുന്ന ഒരാളെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ “കൊറ ജോഷ് ബാബു” എന്ന പേരിൽ ആന്ധ്ര സ്വദേശിയായി കഴിഞ്ഞുവരുന്നയാൾ യഥാർത്ഥത്തിൽ കെ. ടി. ജോസ് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഒളിവിൽ പോയതിന് ശേഷം ഒരിക്കൽ പോലും ഇരിട്ടിയിലേക്ക് മടങ്ങിവരാതിരുന്ന ഇയാൾ, പിടിക്കപ്പെടാതിരിക്കാനായി പേരും വിലാസവും മാറ്റി പുതിയ വ്യക്തിത്വത്തിൽ വർഷങ്ങളായി അവിടെ താമസിച്ചുവരികയായിരുന്നു.
തുടർന്ന് അന്വേഷണ സംഘം ആന്ധ്രാപ്രദേശ്–ഒഡീഷ അതിർത്തിയിലെ ഇയാൾ താമസിച്ചിരുന്ന ഗ്രാമത്തിലെത്തി ദിവസങ്ങളോളം രഹസ്യമായി നിരീക്ഷണം നടത്തി. പ്രതിയുടെ നീക്കങ്ങൾ സ്ഥിരീകരിച്ചശേഷം ഇയാൾ താമസിച്ചിരുന്ന വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ “കൊറ ജോഷ് ബാബു” എന്ന പേരിൽ കഴിഞ്ഞുവന്നത് താൻ തന്നെയാണ് കെ. ടി. ജോസ് എന്ന്  സമ്മതിച്ചു.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നാർക്കോട്ടിക്  സെൽ എ സി പി വി. വി മനോജ് കണ്ണൂർ എ.സി.പി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ്, ഷാജി, എ.എസ്.ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവർ അംഗങ്ങളാണ്.
Reactions

Post a Comment

0 Comments