Ticker

6/recent/ticker-posts

പെരിയ കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥികൾ പൊലീസുമായി ഉന്തും തള്ളും പത്ത് എസ്. എഫ്. ഐ പ്രവർത്തകർ അറസ്റ്റിൽ

കാഞ്ഞങ്ങാട്; പെരിയ കേന്ദ്രസര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയസെമിനാറിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സെമിനാര്‍ തടസപ്പെട്ടു.  രാവിലെ സെമിനാര്‍ ആരംഭിക്കാനിരിക്കെ കേന്ദ്രസര്‍വകലാശാലയിലെ മൂന്ന് ഗേറ്റുകളും വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. എസ്എഫ്‌ഐ, കെഎസ് യു, എഐഎസ്എഫ്,എംഎസ്എഫ് തുടങ്ങിയ വിദ്യാര്‍ഥിസംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിവരമറിഞ്ഞെത്തിയ 
പൊലീസ് സംഘം വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്‍മാറാന്‍ കൂട്ടാക്കാതെ ഗേറ്റ് തടഞ്ഞുകൊണ്ട് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.സ്ഥലത്ത് കൂടുതല്‍ 
പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.രാവിലെ 10 മണിക്ക് യൂണിവേഴ്‌സിറ്റി ലൈബ്രറി ഹാളില്‍ എഴുത്തുകാരന്‍ മാലന്‍ വി നാരായണന്‍ ദേശീയസെമിനാര്‍ ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേന്ദ്രസര്‍വകലാശാലയില്‍ രണ്ടുദിവസങ്ങളിലായി സെമിനാര്‍ നടക്കുന്നത്. ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാര്‍ നടത്തുന്നതിനെതിരെയാണ് വിദ്യാര്‍ഥിസംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നത്. സര്‍വകലാശാലയെ കാവിവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് സെമിനാറില്‍ ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിക്കുന്നതെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നത്. കേരള കേന്ദ്രസര്‍വകലാശാലയുടെ അക്കാദമികവും മതനിരപേക്ഷവുമായ സ്വഭാവത്തെ ഹനിക്കു ന്ന നടപടിയാണിതെന്നും സര്‍വകലാശാലയെ മതപരമോ രാഷ്ട്രീയമോ ആയ ആശയധാരകളുടെ സ്വാധീനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും എന്‍എസ് യു സര്‍വകലാശാല യൂണിറ്റ് പ്രസിഡണ്ട് എം യാസിന്‍, സെക്രട്ടറി കെ ആദര്‍ശ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. സര്‍വകലാശാലയെ കാവിവല്‍ക്കരിക്കുന്ന ആര്‍എസ്എസ് അജണ്ടയെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് എസ് എഫ്
ഐ കേരള കേന്ദ്രസര്‍വകലാശാല യൂണിറ്റ് മുന്നറിയിപ്പ് നല്‍കി. സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് ആര്‍എസ്എസ് നേതാവും പ്രജ്ഞവാഹ് ദേശീയ കണ്‍വീനറുമായ ജെ നന്ദകുമാറാണ്. നന്ദകുമാറിനെ തടയുമെന്നാണ് വിദ്യാര്‍ഥിസംഘടനകളുടെ പ്രഖ്യാപനം.  സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യപരിഷത്ത് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സെമിനാറില്‍ വന്ദേമാതരത്തിന്റെ സാഹിത്യ-സാംസ്‌കാരിക-ബൗദ്ധികതലങ്ങളും ചരിത്രത്തിലെ സ്ഥാനവുമാണ് ചര്‍ച്ച ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും അക്കാദമിക് വിദഗ്ധരും ഗവേഷകരുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
സംഘർഷാവസ്ഥയുണ്ടായതോടെ സ്ഥലത്ത് നിന്നും ബേക്കൽ പൊലീസ് പത്ത് എസ്. എഫ്. ഐ പ്രവർത്തക അറസ്റ്റ് ചെയ്തു.
Reactions

Post a Comment

0 Comments