ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും അണിനിരന്നപ്പോള്‍ നഗരവീഥികള്‍ അമ്പാടിയുടേയും മധുരയുടേയും പ്രതീതി ഉളവാക്കി. വേണുനാദവും ചിലങ്കകളുടെ കിലുക്കവും മധുര ഭാഷണവും ഒത്തുചേര്‍ന്നപ്പോള്‍ അത് ജനക്കൂട്ടത്തിന് ഭക്തിയുടെ അനിര്‍വചനീയമായ കുളിരായി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് നാടെങ്ങും വര്‍ണാഭമായ ശോഭായാത്രകള്‍ നടന്നത്. വിവിധ ബാലഗോകുലങ്ങളുടേയും ക്ഷേത്ര കമ്മിറ്റികളുടേയും ആഭിമുഖ്യത്തിലാണ് ശോഭായാത്രകള്‍ സംഘടിപ്പിച്ചത്.ഉണ്ണിക്കണ്ണന്‍മാരുടേയും ഗോപികമാരുടേയും വേഷ മത്സരങ്ങളും പലയിടത്തും അരങ്ങേറി. പീലി തിരുമുടിയും വേണുവും കിരീടവും ധരിച്ച് കുട്ടികള്‍ അടിവെച്ച് നീങ്ങിയപ്പോള്‍ അവരെ പിന്തുടര്‍ന്ന് അലങ്കരിച്ച കുടവുമായി ഗോപികമാരും നീങ്ങി. ഇതിനുപുറമെ പുരാണ കഥാസന്ദര്‍ഭങ്ങള്‍ ആവിഷ്‌ക്കരിച്ച നിശ്ചല ദൃശ്യങ്ങളും അമ്മങ്കുടവും മറ്റു കലാരൂപങ്ങളും ഒത്തു ചേര്‍ന്നപ്പോള്‍ നഗരവീഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ വൃന്ദാവനമായി മാറുകയായിരുന്നു.
ഓരോ ഉണ്ണിയും കണ്ണനായി വളരണമെന്നുള്ള ഭവ്യമായ സങ്കല്‍പമാണ് ശോഭായാത്രയ്ക്കുള്ളത്.
മാതോത്ത് മഹാവിഷ്ണു ക്ഷേത്ര പരിസരം, അരയി കാര്‍ത്തിക മുത്തപ്പന്‍ ക്ഷേത്ര പരിസരം, ചെമ്മട്ടംവയല്‍ ബല്ലത്തപ്പന്‍ ക്ഷേത്ര പരിസരം, കല്ലൂരാവി അയ്യപ്പ ഭജന മന്ദിര പരിസരം, ഹൊര്‍ഗ് അമ്മനവര്‍ ദേവസ്ഥാനം, ഹൊസൂര്‍ഗ് കൃഷ്ണ മന്ദിര പരിസരം, കാഞ്ഞങ്ങാട് കടപ്പുറം കൈക്ലോന്‍ ക്ഷേത ഭണ്ഡാര പരിസരം, നീട്ടടുക്കം മാരിയമ്മന്‍ ക്ഷേത്ര പരിസരം, കാരാട്ടുവയല്‍ മൂകാംബിക ക്ഷേത്ര പരിസരം, കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്ര പരിസരം,മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര പരിസരം, കൊളവയല്‍ രജരാജേശ്വരി ക്ഷേത്ര പരിസരം, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര പരിസരം എന്നീ ശോഭയാത്രകള്‍ കോട്ടച്ചേരി ട്രാഫിക്കില്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരപ്രദക്ഷിണത്തിന് ശേഷം ഹൊസ്ദുർഗ്
മാരിയമ്മന്‍ കോവിലില്‍ സമാപിച്ചു.
0 Comments