Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സബ് കലക്ടറുടെ കാർ കോടതി ജപ്തി ചെയ്തു

കാഞ്ഞങ്ങാട് : ദേശീയ പാത നിർമ്മാണത്തിന് ഏറ്റെടുത്ത സ്ഥലത്തിൻ്റെ പണം സർക്കാർ നൽകാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. സബ് കലക്ടർ പ്രതീക്ക് ജയിൻ ഉപയോഗിക്കുന്ന കെ.എൽ14 എൻ 9999നമ്പർ ഇന്നോവയാണ് കാഞ്ഞങ്ങാട് സബ് കോടതി ജപ്തി ചെയ്തത്. ദേശീയ പാതയിൽ നീലേശ്വരം പള്ളിക്കരയിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് പള്ളിക്കരയിലെ പരേതയായ ഇന്ത്യൻ വളപ്പിൽ മാണിക്യം ഫയൽ ചെയ്ത കേസിൽ ആണ് കോടതി നടപടി. സെൻ്റിന് അര ലക്ഷം രൂപ കണക്കാക്കി സ്ഥലം സർക്കാർ ഏറ്റെടുത്തെങ്കിലും പണം കിട്ടിയില്ല. മാണിക്യത്തിൻ്റെ മരണ ശേഷം ശാന്ത,ലീലഉൾപെടെ മൂന്ന് മക്കൾ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തെങ്കിലും ഇവർക്ക് അനുകൂലമായ വിധിയുണ്ടായില്ല. തുടർന്ന് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസിൽ തുടർ വിചാരണ നടത്താൻ ആവശ്യപ്പെട്ടു. ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ കെ.പി താംബരൻ പരാതിക്കാർക്ക് വേണ്ടി ഹാജരായ കേസിൽ 15 ശതമാനം പലിശയടകം 15 ലക്ഷത്തോളം രൂപ പരാതിക്കാരന് നൽകാൻ കോടതി വിധിച്ചു. ദേശീയ പാത സ്ഥലം ഏറ്റടുക്കുന്നതിന് നിയോഗിച്ച ലാൻ്റ് വിഭാഗം സ്പെഷ്യൽ തഹസിൽദാർ , നാഷണൽ ഹൈവേ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കാസർകോട് ജില്ലാ കലക്ടർ എന്നിവരെയായിരുന്നു എതിർകക്ഷിയാക്കിയത്. വിധി വന്ന് ആറ് മാസം കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ പരാതിക്കാർ കോടതിയെ സമീപിച്ച് എക്സിക്യൂഷൻ ഫയൽ ചെയ്തു. സബ് കലക്ടറുടെ വാഹനം ജപ്തി ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതിലാണ് ഇന്നലെ വിധിയുണ്ടായത്. രാവിലെ സബ് കലക്ടറുടെ വാഹനം കോടതിയിൽ എത്തിക്കാൻ നിർദ്ദേശമുണ്ടായെങ്കിലും സബ് കലക്ടർ ഈ വാഹനത്തിൽ യാത്രയിലായിരുന്നു. തുടർന്ന് വൈകീട്ട് 3 മണിയോടെ വാഹനം സബ് കോടതിയിൽ എത്തിച്ചു. ഹോസ്ദുർഗ് , വെള്ളരിക്കുണ്ട് താലൂക്കുകളുടെ ചുമതലയുള്ള കാഞ്ഞങ്ങാട് സബ് കലക്ടർക്ക് ഇതോടെ വാഹനമില്ലാതെ യായി. ജില്ലാ കലക്ടർ ഉപയോഗിച്ചിരുന്ന ഇന്നോവയാണിത്. കലക്ടർക്ക് മറ്റാരു വാഹനം എത്തിയതോടെ ആറ് മാസം മുൻപ് കാഞ്ഞങ്ങാട് സബ് കലക്ടർക്ക് നൽകുകയായിരുന്നു.
Reactions

Post a Comment

0 Comments