കാഞ്ഞങ്ങാട് : അർദ്ധരാത്രി 12 മണി. രണ്ട് പേർ മോട്ടോർ ബൈക്കിലെത്തി വിജനമായ റോഡരികിൽ ഇരുളിൽ ബൈക്ക് നിർത്തിയിട്ട ശേഷം തൊട്ടടുത്ത പറമ്പിലേക്ക് ഓടിക്കയറുന്നു. അൽപ്പ സമയത്തിനകം തിരികെ ഓടിയെത്തി ബൈക്ക് സ്റ്റാർട്ട് ചെയ്ത് വേഗതയിൽ ഓടിച്ചു പോകുന്നു. കഴിഞ്ഞ ദിവസം ഹോസ്ദുർഗ് ആവിയിലെ ഒരു വീട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞതാണ് ദൃശ്യം. കുറുവ സംഘങ്ങളുടക്കമുള്ള മോഷണ സംഘങ്ങളുടെ പേടിപ്പെടുത്തുന്ന വാർത്തകൾക്ക് ഇടയിലാണ് ഇത്തരമൊരു ദൃശ്യം സി.സി.ടി .വി ക്യാമറയിൽ പതിയുന്നത്. വീടോ ആൾ താമസമോ ഇല്ലാത്ത പറമ്പിൽ ആളനക്കമുള്ളത് സമീപത്തെ വീട്ടിലെ സ്ത്രീകൾ അറിഞ്ഞിരുന്നു. ഉടൻ തന്നെ അൽപ്പം അകലെ താമസിക്കുന്ന സ്ഥലം ഉടമയെ അറിയിക്കാൻ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ഇന്നലെ നേരം പുലർന്ന പാടെ നാട്ടുകാർ സംഘടിച്ച് ആളനക്കമുണ്ടായ പറമ്പ് പരിശോധിച്ചു. ഒരിടത്ത് മണ്ണ് കുഴിച്ചതായി കാണപ്പെട്ടു. ഇവിടെ മണ്ണ് മാന്തി പരിശോധിച്ചപ്പോൾ അറബി അക്ഷരത്തിൽ എന്തൊക്കെയോ എഴുതിയ ഉലിച്ചതേങ്ങ കണ്ടെത്തി. സമീപത്ത് നിന്നും ഒരു പ്ലാസ്റ്റിക് കുപ്പിയും കണ്ടെത്തി. കുപ്പിക്കുള്ളിൽ മന്ത്രവാദം നടത്തിയതെന്ന് കരുതുന്ന അസാധാരണമായ തിരിച്ചറിയാനാവാത്ത ഒരു വസ്തുവും കണ്ടെത്തി. പൊലീസിൽ പരാതിപ്പെടണമെന്ന് നാട്ടുകാരിൽ അഭിപ്രായമുയർന്നെങ്കിലും പൊലീസിൽ പരാതിയെത്തിയിട്ടില്ല.
0 Comments