കാഞ്ഞങ്ങാട് : മാജിദിൻ്റെ പത്ത് രൂപയുടെ സത്യസന്ധതക്ക് പകരമായി കിട്ടിയത് പുത്തൻ വീട്. കുന്നുംകൈയിലെ മാജിദിനാണ് വീട് നിർമ്മിച്ചു നൽകിയത്.
കുന്നുംകൈ എ യു പി സ്കൂളിന്റെ നേതൃത്വത്തിൽ സുമനസ്സുകളും സൈലം ഗ്രൂപ്പും കൈകോർത്ത് കുന്നുംകൈയിൽ പൂർത്തിയാക്കിയ സ്നേഹവീടിന്റെ താക്കോൽദാനം സൈലം ഗ്രൂപ്പ് സി ഇ ഒ ഡോ. എസ്. അനന്തു നിർവഹിച്ചു. മാജിദ് പ്രയാസങ്ങൾക്കും ദുരിതങ്ങൾക്കിടയിലും
സത്യസന്ധത ജീവിതത്തിൽ മുറുകെ പിടിച്ചത് ശീലമാക്കിയതാണ് വീടെന്ന സ്വപ്നം
യാഥാർത്ഥ്യമാക്കിയത്. കുന്നുംകൈ എ യു പി സ്കൂളിലെ വിദ്യാർത്ഥികൂടിയായ മാജിദ് ഒഴിവ് സമയങ്ങളിൽ മലയോരത്തെ വിവിധ ടൗണുകളിൽ കടല വിൽപ്പന നടത്തിയാണ് ജീവിത ചിലവ് കണ്ടെത്തുന്നത്. നർക്കിലക്കാട് സ്വദേശി കെ.കെ.സുധീഷ്
കുന്നുംകൈ
പെട്രോൾ പമ്പിൽ എത്തിയ സമയം കടലയുമായി വന്ന മാജിദിൽ നിന്നും കടല വാങ്ങിയിരുന്നു. വിലയായി 10 രൂപക്ക് പകരം 20 രൂപ നൽകി. വാഹനവുമായി പോകുന്നതിനിടെ പിറകെ ഓടിക്കിതച്ച് വരുന്ന മാജിദിനെ കണ്ടു. കാര്യമന്വേഷിച്ചപ്പോൾ
സർ തന്നത് 20 രൂപ കോയിൻ ആണെന്നും ബാക്കി തരാനാണ് ഓടി വന്നതെന്നും വിദ്യാർത്ഥി മറുപടി പറഞ്ഞു.
ആ സത്യസന്ധത സുധീഷിനെ വല്ലാതെ ആകർഷിച്ചു. പിന്നീട് വീടിന്റെ ദയനീയ അവസ്ഥ മനസിലാക്കി. ചാനൽ വഴി വാർത്ത വന്നു. നാട്ടിലെയും വിദേശത്തെയും സുമനസ്സുകൾ സഹായവുമായെത്തി. തുടർന്ന്
റ്റിജു തോമസ് എഞ്ചിനീയറുടെ മേൽനോട്ടത്തിൽ വീട് പണി ആരംഭിചും. ഇടക്ക് സാമ്പത്തിക ബുദ്ധിമുട്ട് മൂലം വീട് പണി നിർത്തിവെക്കേണ്ട അവസ്ഥ വന്നു. സുധീഷ് മുഖാന്തിരം റിപ്പോർട്ടർ ചാനൽ സൈലം ഗ്രൂപ്പുമായി ബന്ധപ്പെട്ടു. വീട് പണി പൂർത്തിയാക്കാൻ വേണ്ട 5 ലക്ഷം അവർ കൈമാറുകയും ചെയ്തു.
ഇപ്പോൾവീട് യാഥാർത്ഥ്യമായിരിക്കുന്നു.
കുന്നുംകൈ എ യു പി സ്കൂളിൽ നടന്ന ഉദ്ഘാടനചടങ്ങിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ വർഗീസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ എ . വി . രാജേഷ് അധ്യക്ഷനായി. ചിറ്റാരിക്കാൽ എ ഇ ഒ രത്നാകരൻ മുഖ്യഅതിഥിയായി.
സ്നേഹവീടിന്റ നിർമ്മാണത്തിന് നിമിത്തമായ സുധീഷ് , സൈലം ഗ്രൂപ്പ് സി ഇ ഒ അനന്തു,
വീട് പണി തുടങ്ങാൻ 2 ലക്ഷം സഹായിച്ച പ്രവാസി വ്യവസായി അസീസ് മങ്കയം,നിർമ്മാണ മേൽനോട്ടം നിർവഹിച്ച എഞ്ചിനീയർ റ്റിജു തോമസ് എന്നിവർക്ക് സ്നേഹോപകാരം നൽകി ആദരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. ഈസ്മായിൽ ഉപഹാരം കൈമാറി.
ചടങ്ങിന് ആശംസകളുമായി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ ബി റഷീദ നന്ദി പറഞ്ഞു.
0 Comments