കാഞ്ഞങ്ങാട്:മത്സ്യകൃഷിയിൽ വിജയം കൈവരിച്ച് മുൻ പ്രവാസി.' രാവണേശ്വരം പൊടി പള്ളത്തെ എം. ശ്രീധരനാണ് വീട്ടുവളപ്പിൽ മത്സ്യകൃഷി ചെയ്ത് നല്ല വിളവ് ലഭിച്ചത്. 24 വർഷത്തെ പ്രവാസ ജീവിതം നയിച്ചതിനുശേഷം നാട്ടിലെത്തി തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങി മറ്റ് പച്ചക്കറി കൃഷികൾ ചെയ്തു വരുന്നതിനിടയിലാണ് ശ്രീധരൻ യാദൃശ്ചികമായി മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അജാനൂർ പഞ്ചായത്തിന്റെയും ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെയും സഹായത്തോടെയാണ് മത്സ്യ കൃഷി ചെയ്യുന്നത്. ഒരു പ്രോജക്ടിന് ഒരു ലക്ഷത്തി 23 ആയിരം രൂപയാണ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് കണക്കാക്കുന്നത്. ഇതിൽ 40 ശതമാനം സബ്സിഡിയായി കർഷകന് ലഭിക്കുന്നു. ഇരുപത്തി ഒൻപതിനാ യിരം രൂപ പഞ്ചായത്തിന്റെയും 16400രൂപ ഫിഷറീസ് ഡിപ്പാർട്ട്മെന്റ്ന്റെയും. ഇതിന് ആവശ്യമായ മത്സ്യകുഞ്ഞുങ്ങളെ ഫിഷറീസ് ഡിപ്പാർട്ട്മെന്റാണ് നൽകുന്നത്. 10 മീറ്റർ നീളവും എട്ടു മീറ്റർ വീതിയും രണ്ടര മീറ്റർ ആഴവുമുള്ള കൃത്രിമ കുളം നിർമിച്ചാണ് മത്സ്യ കൃഷിക്കായി പദ്ധതി തയ്യാറാക്കുന്നത്. ഇതിലേക്ക് 1000 ആസാം വാള കുഞ്ഞുങ്ങളെയും 1000 തിലോപ്പിയ കുഞ്ഞുങ്ങളെയും നിക്ഷേപിച്ച് പിന്നീട് തീറ്റയും നൽകിയാണ് ശ്രീധരൻ ഇപ്പോൾ മത്സ്യ കൃഷിയിൽ നൂറുമേനി കൊയ്തെടുത്തിരിക്കുന്നത്. ഏകദേശം ആറ് മാസമാണ് ഇവയുടെ വിളവെടുപ്പ് കാലം എങ്കിലും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നത് മൂലം കഴിഞ്ഞ മാർച്ചിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച ശേഷം ഇപ്പോൾ ഡിസംബറിലാണ് ശ്രീധരൻ വിളവെടുപ്പ് നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സാമാന്യം വലുപ്പമുള്ള മീനുകളാണ് ശ്രീധരന് ലഭിച്ചിരിക്കുന്നത്. തന്റെ കൃഷിക്കാവശ്യമായ പ്രോത്സാഹനവുമായി ഭാര്യ എം. ശാന്തയും മക്കളായ എം. സജിത്ത്, എം. സന്ദീപ്,കൂടാതെ മരുമക്കളായ
ഷിബിന സജിത്ത്,
ഗീതു സന്ദീപ് എന്നിവരും കൂടെയുണ്ടെന്ന് ശ്രീധരൻ പറയുന്നു എന്നാലും മത്സ്യവിപണി ക്ക് വളരെ പ്രയാസം നേരിടുന്നു എന്നും ഇതിന് അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാവണമെന്നും ശ്രീധരൻ സൂചിപ്പിച്ചു. മത്സ്യകൃഷിയുടെ വിളവെടുപ്പ് അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ നിർവഹിച്ചു. അജാനൂർ പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡ് മെമ്പർ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. ജി.പുഷ്പ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരൻ, പൊതു പ്രവർത്തകരായ ടി. ശശിധരൻ,പത്മ പവിത്രൻ,ഫിഷറീസ് വകുപ്പിന്റെ പ്രൊമോട്ടർ മാരായ കെ. ശരണ്യ,
യു.നദാഷ എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്തിലെ മത്സ്യ കർഷകർക്ക് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ടെന്ന് പ്രമോട്ടർ ശരണ്യ പറഞ്ഞു.
0 Comments