കാഞ്ഞങ്ങാട്: മ്ലാവിനെ വെടിവെച്ച് കൊന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പനത്തടി സ്വദേശിയെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. താന്നിക്കലിലെ കുമാരനെ (46) കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അഷ്റഫും സംഘവുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മരുതോം വനത്തിന് കീഴിലെ പനത്തടി വെള്ളക്കാട് ഭാഗത്ത് വച്ചാണ് മ്ലാവിനെ വെടിവെച്ച് കൊന്നത്. പിന്നീട് ജയിംസ് എന്നയാളുടെ വീട്ടിൽ വച്ച് ഇറച്ചി വീതിക്കു ന്നതിനിടയിൽ അഞ്ചു കിലോ ഇറച്ചിയും, മ്ലാവിൻ്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലെ ഒന്നാംപ്രതിയാണ് കുമാരൻ. സംഭവത്തിൽ ഗംഗാധരൻ, ദാമോദരൻ, രാജേഷ്, മധു എന്നിവരെ ഫോറസ്റ്റ് അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ, ബീറ്റ് ഓഫീസർമാരായ ജിതിൻ, അരുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കുമാരനെ മാസം 23 വരെ കോടതി റിമാൻഡ് ചെയ്തു.
0 Comments