കാസർകോട്:അറസ്റ്റ്
വാറണ്ടുമായെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കവർച്ചാ കേസ് പ്രതിയെ പൊലീസ് ബലമായി കീഴ്പ്പെടുത്തി. ബദിയടുക്ക കാനത്തില ശാന്തിപ്പള്ളയിലെ വെങ്കപ്പനായകിനെ(45)യാണ് ബദിയടുക്ക പൊലീസ് സബ് ഇൻസ്പെക്ടർ വിനോദ് അറസ്റ്റ് ചെയ്തത്. വെങ്കപ്പയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. നാല് കവർച്ചാക്കേസുകളുമായി ബന്ധപ്പെട്ട് ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇന്നലെ ഉച്ചയോടെ ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ നിരഞ്ജൻ, ചന്ദ്രകാന്ത്, ദിലീപ്, വിജയൻ എന്നിവർ വെങ്കപ്പയുടെ വീട്ടിൽ അറസ്റ്റ് വാറണ്ടുമായി എത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹം പാലീസുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ഇവരുടെ കൈകളിൽ കടിച്ച്
പരിക്കേൽപ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് അമ്മയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന വെങ്കപ്പയെ പ്രോസിക്യൂഷന് തെളിവുകൾ ഹാജരാക്കാൻ കഴിയാത്തിരുന്നതിനെ തുടർന്ന് കോടതി വിട്ടയച്ചിരുന്നു. പെർഡാല മുരുടേശ്വര ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരം കവർന്ന കേസിൽ ഇയാൾ 20 മാസം തടവ് ശിക്ഷയും അനുഭവിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നിർച്ചാൽ അടക്കമുള്ള പ്രദേശങ്ങളിൽ നാലോളം കവർച്ചകൾ നടത്തിയ കേസിലും പ്രതിയാണ്. ഏതുസമയത്തും കത്തി കയ്യിൽ കരുതുന്നതും പ്രതിയുടെ രീതിയാണ്. കവർച്ചകൾ നടക്കുന്ന സ്ഥലങ്ങളിലെ സി.സി.ടി.വിക്യാമറകളിൽ വെങ്കപ്പയുടെ ദൃശ്യം പതിഞ്ഞതാണ്
പ്രതിയെ തിരിച്ചറിയാൻ പൊലീസിന് സഹായകമായത്.
0 Comments