Ticker

6/recent/ticker-posts

മടിക്കൈയിൽ നിന്നുൾപ്പെടെ ജില്ലയിലെ പഴങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ

കാഞ്ഞങ്ങാട്: പഴത്തിന്റെയും പച്ചക്കറിയുടെയും വിലയിടിവ് കർഷകന്റെ ആധിയാണ്. മാന്യമായ വില ലഭിക്കുമ്പോഴാകട്ടെ ആരും പഴയ കാലം ഓർക്കാറുമില്ല. പരിഹാരമായി വിളകളുടെ മൂല്യ വർദ്ധിത ഉത്പന്നമെന്ന ആശയം മുന്നോട്ട് വെക്കുകയാണ് പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം.
       കാസർകോട് ജില്ലയുടെ വാഴത്തോട്ടമായ മടിക്കൈയിലും മറ്റ് ​ഗ്രാമങ്ങളിലും പഴങ്ങളിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ചെറു സംരംഭങ്ങൾ തുടങ്ങാമെന്ന് ചുമതലയുള്ള ഡോ ജയരാജ് പറയുന്നു. കുറച്ച് കാലമായി പന്നിയൂരിൽ ഭക്ഷ്യ സംസ്കരണ ഇൻക്യുബേഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. മറ്റ് പല ഏജൻസികളും പരിശീലനം നൽകുന്നുണ്ടെങ്കിലും ഭൂരിഭാ​ഗം കർഷകരിലേക്കും എത്തിയിട്ടില്ല.
          നേന്ത്രക്കുലയ്ക്ക് 300 രൂപ പോലും കിട്ടാത്ത കാലത്ത് 1600 രൂപ വരെ കിട്ടാവുന്ന സാദ്ധ്യതയാണ് പഠിപ്പിക്കുന്നത്. പിണ്ടിയും കൂമ്പിനും വരെയുണ്ട് സംസ്കരണ സാദ്ധ്യത. 35 കിലോ ഏത്തപ്പഴം സംസ്കരിച്ചാൽ 5000 രൂപയുടെ ഹൽവ ലഭിക്കും. ചെറുകിട യൂണിറ്റുകൾ തുടങ്ങിയാൽ ചക്കയും മാങ്ങയും പോലെ വിപണിയില്ലാത്ത പഴങ്ങളിൽ നിന്നായി ജാം,​ സ്ക്വാഷ്, അച്ചാർ എന്നിവയുണ്ടാക്കാം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് നേടാനും ഇവർ സഹായിക്കും. 12,​500 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള ചെറുയന്ത്രങ്ങളും ഇവർ പരിചയപ്പെടുത്തുന്നു. ജില്ലാ വ്യവസായ വകുപ്പും സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോഴ്സ്യവും സഹായം നൽകും. 
രാജ്യത്തെ മൊത്തം ഭക്ഷ്യോത്പാദനത്തിന്റെ വലീയൊരു ഭാഗം നശിക്കുമ്പോഴും മൂല്യ വർദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നത് കേവലം 2.2 ശതമാനം മാത്രമാണെന്നാണ് ഔദ്യോ​ഗിക കണക്ക്. ഇതിനൊരു മാറ്റമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ഫോൺ: 0460- 222 6087
Reactions

Post a Comment

0 Comments