Ticker

6/recent/ticker-posts

ദേശീയപാത കുളിയങ്കാലിൽ തുരങ്ക പാത നിർമ്മിക്കണം: സിപിഐ

കാഞ്ഞങ്ങാട്: ദേശീയ പാതയ്ക്ക് കുറുകേയുള്ള അരയിപ്പാലം - ആലാമിപ്പള്ളി റോഡിൽ കൂളിയങ്കാലിൽ തുരങ്ക പാത നിർമ്മിക്കണമെന്ന് സി പി ഐ ഹോസ്ദുർഗ്  ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയോര മേഖലയിൽ നിന്നും കാഞ്ഞങ്ങാടേക്കും ദേശീയ പാതയിലേക്കും ബൈപ്പാസ് പോലെ ഉപയോഗിക്കുന്ന ഈ പാതയിൽ നിലവിൽ തന്നെ വൻ തിരക്കാണനുഭവപ്പെടുന്നത്. ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാന്റ് വന്നതോടെ വൻ വികസനമാണ് ഇവിടെ നടക്കുന്നത്. ഇവിടം സജീവമാകുന്നതോടെ ഇവിടെ തിരക്കു വർധിക്കാനുള്ള സാധ്യത കൂടുതലാണ്. ദേശീയപാതാ വികസനം കൂടി പ്രാബല്യത്തിലാകുന്നതോടെ മലയോര ഭാഗത്ത് നിന്നും തിരിച്ചുമുള്ള വാഹനങ്ങൾക്ക് ദേശീയ പാത മുറിച്ച് കടക്കാൻ പറ്റാത്ത സാഹചര്യമാകും. ഇതിനു പരിഹാരമായി തുരങ്ക പാത അത്യാവശ്യമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.ഒക്ടോബർ 14 മുതൽ 18 വരെ വിജയവാഡയിൽ നടക്കുന്ന സി പി ഐ ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കാഞ്ഞങ്ങാട് എം എൻ സ്മാരകത്തിൽ നടന്ന ബ്രാഞ്ച് സമ്മേളനം കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി സി കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. എം കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ എം സി കുമാരൻ പതാക ഉയർത്തി.രാഷ്ട്രീയ റിപ്പോർട്ട് മണ്ഡലം സെക്രട്ടറി ഗംഗാധരൻ പള്ളിക്കാപ്പിലും, സംഘടനാ റിപ്പോർട്ട് കാഞ്ഞങ്ങാട് ലോക്കൽ സെക്രട്ടറി രാധാകൃഷ്ണൻ ചേടീ റോഡും , പ്രവർത്തന റിപ്പോർട്ട് ബ്രാഞ്ച് സെക്രട്ടറി ടി വി കുഞ്ഞികൃഷ്ണനും അവതരിപ്പിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ തമ്പാൻ, രാമകൃഷ്ണൻ പാണം തോട്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുശീല ടി വി, എൻ നാരായണൻ അഭിവാദനമർപ്പിച്ചു. രക്തസാക്ഷി പ്രമേയം പി വി വേലായുധനും, അനുശോചന പ്രമേയം അബ്ദുൾ സലാമും അവതരിപ്പിച്ചു. ഹോസ്ദുർഗ് ബ്രാഞ്ചിനെ വിഭജിച്ച് കാഞ്ഞങ്ങാട് ടൗൺ ബ്രാഞ്ച് കൂടി രൂപീകരിച്ചു. ഹോസ്ദുർഗ് ബ്രാഞ്ച് സെക്രട്ടറിയായി ടി വി കുഞ്ഞികൃഷ്ണനേയും കാഞ്ഞങ്ങാട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി എം കുഞ്ഞിക്കണ്ണനേയും തിരഞ്ഞെടുത്തു.
Reactions

Post a Comment

0 Comments