കാഞ്ഞങ്ങാട്പൊതു ഗതാഗതം ശക്തമാക്കാൻ ഗ്രാമവണ്ടിയുമായി കെഎസ്ആർടിസി മുന്നോട്ട്. യാത്രാക്ലേശമുള്ള സ്ഥലത്തേക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെയുള്ള സർവീസിനാണ് ആലോചന. ഡീസൽ ചെലവ് വഹിക്കുമെങ്കിൽ പറയുന്ന റൂട്ടിലും സമയത്തും ബസോടും. 18- മുതൽ 34 സീറ്റ് വരെയുള്ള ചെറുവണ്ടികൾ ഏത് മുക്കിലും മൂലയിലുമെത്തും.
150 കിലോ മീറ്റർ ഓടാൻ 3375 രൂപയുടെ ഡീസൽ. വേതനം 3000, ഓവർ ഹെഡ് ചെലവ് 1200, സ്പെയർ പാർട്സ് 420, ബസിന്റെ വില 822, ഇൻഷുറൻസ് 205, ടാക്സ് 389 എന്നിങ്ങനെ 9251 രൂപയാണ് ചെലവ്. തദ്ദേശ സ്ഥാപനങ്ങൾ ബാധ്യത ഏറ്റെടുക്കാൻ തയ്യാറെങ്കിൽ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു.
മൂന്ന് മാസത്തെ ഡീസൽ തുക മുൻകൂറായി അടക്കണമെന്നാണ് വ്യവസ്ഥ. വരുമാനം കിട്ടുന്നില്ലെങ്കിൽ മുൻകൂർ നോട്ടീസ് നൽകി കെഎസ്ആർടിസി പിന്മാറും. പുതിയ സർവീസിനായി മുറവിളി ഉയരുമ്പോഴും കോർപ്പറേഷന്റെ സാമ്പത്തികം പ്രയാസമായിരുന്നു. ഇതോടെയാണ് ഗ്രാമവണ്ടി തുടങ്ങുന്നത്. സ്പോൺസർഷിപ്പ് മുഖേനയോ സിഎസ്ആർ ഫണ്ട്, തനത് ഫണ്ട്, പ്ലാൻ ഫണ്ടിൽ നിന്ന് പഞ്ചായത്തുകൾക്ക് തുക ചിലവിടാം. ആലോചനകൾ നടക്കുന്നതായി അധികൃതർ പറഞ്ഞു.
സ്വകാര്യ സർവീസിന് നിയമകുരുക്ക്
കാഞ്ഞങ്ങാട് നിന്ന് മാവുങ്കാൽ വഴി മലയോരത്തേക്ക് പുതിയ സ്വകാര്യ ബസ് പെർമിറ്റ് തുടങ്ങാനാകുന്നില്ല. കാസർകോട് കണ്ണൂർ പാത നോട്ടിഫൈഡ് ചെയ്തതാണ് തടസം. പുതിയ ബസ് സ്റ്റാൻഡ് വന്നതോടെ ദൂരം 5 കിലോമീറ്ററിലേറെയായതാണ് വെല്ലുവിളിയായത്.
0 Comments