ചെറുവത്തൂർ : 28 വർഷം മുമ്പ് സ്കൂളിലെ ശാസ്ത്ര പഠന യാത്രയുടെ ഭാഗമായി ലഭിച്ച തുണിസഞ്ചി നിധിപോലെ സൂക്ഷിച്ച് കൊടക്കാട് കുഞ്ഞിപ്പാറ പാലയിലെ ഗോകുൽ . 1994 ൽ കൊടക്കാട് ഗവ. വെൽഫേർ യു.പി.സ്കൂളിൽ ആറാം തരം വിദ്യാർഥിയായിരിക്കുമ്പോൾ നടന്ന 'തീരം തേടി ശാസ്ത്ര പഠന യാത്ര' യിലെ അംഗങ്ങൾക്ക് നൽകിയ തുണി സഞ്ചിയാണ് ഒരു പോറലുമേൽക്കാതെ സൂക്ഷിച്ച് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയിലെ ട്രേഡ്സ്മാനായ ഗോകുൽ തന്റെ അധ്യാപകനെ അത്ഭുതപ്പെടുത്തിയത്.
പൊള്ളപ്പൊയിലിൽ നടക്കുന്ന ശാസ്ത്ര കലാജാഥ സംസ്ഥാന തല പരിശീലന ക്യാമ്പിന്റെ ഭാഗമായി നടന്ന ശാസ്ത്ര പുസ്തക പ്രചരണത്തിന് കൊടക്കാട് നാരായണൻ മാസ്റ്ററും സംഘവും എത്തിയപ്പോഴായിരുന്നു ഗോകുൽ തന്റെ സ്കൂൾ ജീവിതത്തിൽ ലഭിച്ച പ്രിയപ്പെട്ട സമ്മാനം പുറത്തെടുത്തത്. ദേശീയ അധ്യാപക അവാർഡ് ജേതാവും മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകനുമായ കൊടക്കാട് നാരായണൻ മാസ്റ്റർ 1992 മുതൽ 2005 വരെ കൊടക്കാട് സ്കൂളിൽ പ്രൈമറി അധ്യാപകനായിരുന്നു. കാൽ നൂറ്റാണ്ടു മുമ്പ് നടന്ന നൂതന ങ്ങളായ നൂറുകണക്കിന് പഠന പ്രവർത്തനങ്ങൾ കാണുന്നതിനും പകർത്തുന്നതിനും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിൽ നിന്നു പോലും വിദ്യാഭ്യാസ വിദഗ്ദ്ധർ എത്തിയിരുന്നു. പാഠപുസ്തക പരിഷ്കരണത്തിലും അധ്യാപന പരിശീലത്തിലും കൊടക്കാട് പരീക്ഷിച്ച് വിജയം കണ്ട മാതൃകകൾ വ്യാപകമായി സ്വീകരിച്ചത് ഇന്ന് ചരിത്രം . കരയിലെയും കടലിലെയും ജീവിതങ്ങളിലെ പാരസ്പര്യം കുട്ടികൾക്ക് നേരിട്ട് അനുഭവിക്കുകയായിരുന്നു രണ്ടു പകലും ഒരു രാത്രിയുമായി നടന്ന യാത്രയിലൂടെ. അഴിത്തലയിൽ നിന്നാരംഭിച്ച് ഇടയിലെക്കാട് സമാപിച്ച യാത്രയ്ക്കിടയിൽ കുട്ടികൾ നടത്തിയ വിവര ശേഖരണവും വാനനിരീക്ഷണവും ജൈവ വൈവിധ്യ സർവ്വെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളോടൊത്തുള്ള താമസവും കാരണവന്മാരുമായുള്ള അഭിമുഖവും അക്കാലത്ത് പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ പുതിയ അനുഭവമായിരുന്നു. റിട്ട. പൊതു മരാമത്ത് വകുപ്പിൽ നിന്ന് ഓവർസീയറായ വിരമിച്ച ടി.എ. ഗോവിന്ദൻ നമ്പൂതിരിയുടെയും ആരോഗ്യ വകുപ്പിൽ നിന്ന് നഴ്സിംഗ് ഓഫീസറായി വിരമിച്ച പി.ഇ. സാവിത്രിയുടെയും മകനാണ് ഗോകുൽ . ഭാര്യ സജിന ബാര ഗവ.ഹൈസ്കൂൾ അധ്യാപികയാണ്.
പടം: 28 വർഷം മുമ്പ് തനിക്ക് സമ്മാനമായി ലഭിച്ച ശാസ്ത്രസഞ്ചി അധ്യാപകനായ കൊടക്കാട് നാരായണൻ മാസ്റ്റർക്കു മുമ്പിൽ പ്രദർശിപ്പിക്കുന്ന ഗോകുൽ (ഇടത്തു നിന്ന് രണ്ടാമത് )
0 Comments