കണ്ണൂർ-കാസർകോട് ദേശീയപാതയിൽ പള്ളിക്കര റെയിൽവേ ഗേറ്റ് തിങ്കളാഴ്ച അടഞ്ഞുകിടന്നത് മണിക്കൂറുക
ളോളമാണ്.
24-മണിക്കൂറിനിടെ ഗുഡ്‌സ് ഉൾപ്പെടെ അൻപതോളം തീവണ്ടികൾ കടന്നുപോകാൻ മാത്രം ആറുമണിക്കൂർ അടച്ചിടുന്നത് കൂടാതെ റെയിൽവേ ഗേറ്റ് തകരാറിലായതോടെ രാവിലെയും വൈകീട്ടുമായി നാലുമണിക്കൂറിലേറെ ദേശീയപാത അടച്ചിട്ടു. ഗേറ്റ് അടച്ചിട്ടതോടെ ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി.
കുരുക്കിൽനിന്ന് രക്ഷപ്പെട്ട വാഹനങ്ങൾ കിലോമീറ്ററുകൾ വളഞ്ഞ് ചുറ്റി കോട്ടപ്പുറംവഴി നീലേശ്വരത്തേക്കും ചെറുവത്തൂരേക്കും തിരിഞ്ഞു. രാവിലെ ഗതാഗതം വഴിതിരിച്ചുവിടാൻ
ഏറെ പണി പെട്ടു.
ദേശീപാതയിൽ പള്ളിക്കര റെയിൽവേ ഗേറ്റ് തകാരാറായതോടെ തിങ്കളാഴ്ച രാവിലെ രണ്ടുമണിക്കൂറിലേറെയാണ് ഗതാഗതം തടസ്സപ്പെട്ടത്. ഒരുവിധം തകരാർ പരിഹരിച്ച് നാല് മണിക്കൂർ പിന്നിട്ടപ്പോഴേക്കും വൈകീട്ടോടെ വീണ്ടും ഗേറ്റിന് തകരാർ. പിന്നെയും മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായി.
ഞായറാഴ്ച രാത്രി 7.30-ന് ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകർന്നതിനാൽ രാത്രി 9.30-വരെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഓരാഴ്ചമുൻപും സമാനമായി ഗേറ്റിൽ പിക്കപ്പ് ഇടിച്ച് ഗതാഗതം മുടങ്ങിയതാണ്. തൊട്ടുമുകളിൽ നിർമാണം പൂർത്തിയായ മേൽപ്പാലം എല്ലാറ്റിനും സാക്ഷിയായുണ്ടായിട്ടും ലക്ഷ്യസ്ഥാനത്തേക്കെത്താൻ കിലോമീറ്ററുകൾ ചുറ്റിപ്പോകേണ്ട ഗതികേടിലാണ്.
0 Comments