കാഞ്ഞങ്ങാട് : പടന്നക്കാട് നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയിൽ നിന്നും കവർന്ന സ്വർണാഭരണം കൂത്ത് പറമ്പിൽ നിന്നും കണ്ടെത്തിയതുൾപ്പെടെ വിവിധ തെളിവുകൾ പൊലീസ് ശേഖരിച്ചു പ്രതിസലീമിനെ 38 ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചു. പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചക്കാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കൂത്ത് പറമ്പിലെത്തി തെളിവെടുപ്പ് നടത്തിയതിൽ ലഭിച്ച ആഭരണം കോടതിയിൽ ഹാജരാക്കി. ജ്വല്ലറിയിൽ വിൽപ്പന നടത്തിയിരുന്ന കുട്ടിയുടെ കമ്മലാണ് ഹാജരാക്കിയത്. പ്രതി സ്വർണം വിൽപ്പന നടത്തിയ ജ്വല്ലറി പ്രതി പൊലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു. 6000 രൂപക്കായിരുന്നു പ്രതി ആഭരണം ഇവിടെ വിറ്റത്. സംഭവം നടന്ന 15 ന് രാവിലെ പ്രതി ഇത് വഴി വന്ന മോട്ടോർ ബൈക്കിലായിരുന്നു കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെത്തിയത്. നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു രാവിലെ 6.30 മണിയോടെ പ്രതിക്ക് ബൈക്കിൽ ലിഫ്റ്റ് നൽകിയത്. ചിത്താരി സ്വദേശിയായ ബൈക്ക് യാത്രക്കാരനിൽ നിന്നും പൊലീസ് മൊഴിയെടുത്തു. മുഖപരിചയത്തിൻ്റെ പേരിലായിരുന്നു ബൈക്കിൽ കയറ്റിയത്. താൻ വാഹനത്തിൽ കയറ്റിയ ആളാണ് പ്രതിയെന്ന് അറസ്റ്റ് നടന്നപ്പോൾ മാത്രമാണ് ബൈക്ക് യാത്രക്കാരൻ മനസിലാക്കുന്നത്.അഞ്ച് ദിവസമായിരുന്നു പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പ് പൂർത്തിയായതിനാൽ മൂന്ന് ദിവസത്തിനുള്ളിൽ പ്രതിയെ തിരിച്ച് കോടതിയിൽ ഹാജരാക്കി.
0 Comments