കാഞ്ഞങ്ങാട് : സൈക്കിൾ മോഷണം വ്യാപകമായതോടെ അന്വേഷിച്ചിറങ്ങിയ പൊലീസിന് കിട്ടിയത് അഞ്ച് കുട്ടികളെ. എട്ട് സൈക്കിൾ മോഷണ പരാതികളിൽ തുമ്പാവുകയും ചെയ്തു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 10 നും 18നും ഇടയിലുള്ള കുട്ടികളാണെന്നാണ് കണ്ടെത്തിയത്. ദിവസങ്ങളായി സൈക്കിൾ മോഷണം നടന്ന തോടെയാണ് സൈക്കിൾ ഉടമകൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ പൊലീസിൽ പരാതി നൽകാത്തവരുടെ സൈക്കിളും കണ്ടെത്തി. സൈക്കിളുകൾ 300 രൂപക്ക് ഉൾപ്പെടെ വിൽപ്പന നടത്തുകയായിരുന്നു. സൈക്കിളുകൾ ഉടമകൾക്ക് നൽകി. പൊലീസ് കേസെടുത്തിട്ടില്ല.
മാസങ്ങൾക്കു മുൻപ് കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ പരിസരത്ത് നിന്നും വിദ്യാർഥിയുടെ സൈക്കിൾ മോഷണം പോയിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.തുടർന്ന് അന്നത്തെ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ പൊലീസ് ചേർന്ന് വിദ്യാർത്ഥിക്ക് പുതിയ സൈക്കിൾ വാങ്ങി കൊടുത്തിരുന്നു. അന്നുമുതൽ സൈക്കിൾ മോഷ്ടാകൾക്കായി ഹോസ്ദുർഗ് പൊലീസ് അന്വേഷണത്തിലായിരുന്നു. കുറച്ച് ദിവസങ്ങൾക്കു മുൻപ് ആവിയിൽ പല വീടുകളിൽ നിന്നും പകൽ സമയത്ത് സൈക്കിൾ മോഷണം പതിവായിരുന്നു. നാട്ടുകാർ ഹോസ്ദുർഗ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സി സി ടി വി യുടെ സഹായത്തോടെ അന്വേഷണം നടത്തി. ആവിയിൽ ഭാഗത്തു നടത്തിയ അന്വേഷണത്തിൽ 5 ഓളം വീടുകളിൽ നിന്ന് സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെ സൈക്കിൾ മോഷ്ടാക്കളെ കണ്ടെത്തുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ 18 വയസ്സിനു താഴെ പ്രായമുള്ള 5 കുട്ടികളാണ് മോഷണത്തിന് നേതൃത്വം നൽകിയത് എന്ന് കണ്ടെത്തി. വീടുകളിൽ നിന്നും മോഷ്ടിച്ച സൈക്കിൾ ആവിയിൽ ഭാഗത്തു തന്നെയുള്ള ഗുജിരി കടയിൽ വിറ്റതായും മനസിലായി.തുടർന്ന് ഗുജിരീയിൽ നടത്തിയ അന്വേഷണത്തിൽ മോഷ്ടിക്കപ്പെട്ട 8 സൈക്കിളുകൾ കണ്ടെത്തി ഉടമസ്ഥർക്ക് നൽകി.
0 Comments