Ticker

6/recent/ticker-posts

തീ പിടിച്ച വീട്ടിനുള്ളിൽ നിന്നും അഞ്ച് വയസുകാരൻ ഫർമാനെ വാരി എടുത്തോടി സുനിതയും രമയും ഓടിക്കയറിയത് പള്ളിയിലേക്ക്

കാഞ്ഞങ്ങാട് : തീ പിടിച്ച വീട്ടിൽ നിന്നും അഞ്ച് വയസുകാരനെ വാരി പുണർന്ന് ഹരിത കർമ്മസേനാ ഗംങ്ങൾ സഹായം തേടി പള്ളിയുടെ അകത്തേക്ക് ഓടിക്കയറി. ഇന്നലെ ഉച്ചക്ക് ഹോസ്ദുർഗ് ആവിയിലെ എം.ബി. ഇസ്മയിലിൻ്റെ വീട്ടിലുണ്ടായ തീപിടുത്തത്തിലാണ് ഹരിത കർമ്മസേനാ ഗംങ്ങൾ രക്ഷകരായത് . കാഞ്ഞങ്ങാട് നഗരസഭ 38ആം വാർഡിലെ ഹരിത കർമ്മസേനാ ഗംങ്ങളായ കുശാൽ നഗറിലെ സുനിത വിനോദിൻ്റെയും ആ വിയിലെ കെ.വി. രമയുടെയും അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായത് വലിയ ദുരന്തമായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിൽ പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയതാണ് ഇരുവ രും. ഈ സമയം ഇസ്മയിൽ വെള്ളിയാഴ്ച ജുമുഅ നിസ്ക്കാരത്തിനായി പള്ളിയിൽ പോയതായിരുന്നു. വീട്ടിൽ മകൾ റംലയും ഇവരുടെ അഞ്ച് വയസുള്ള മകൻ ഫർമാനും മാത്രമാണുണ്ടായിരുന്നത്. പിതാവ് പള്ളിയിൽ നിന്നും എത്തിയാൽ ഉടൻ പണം നൽകാമെന്ന് പറഞ്ഞ് റംല കുളിക്കാനായി കുളി മുറിയിൽ കയറി. ഇസ്വയിൽ വരുന്ന സമയത്തിനുള്ളിൽ അയൽ വീട്ടിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കാമെന്ന് കരുതി ഹരിത സേനാ ഗംങ്ങൾ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുനില വീട്ടിൻ്റെ മുകളിൽ നിന്നും വലിയ രീതിയിൽ പുക ഉയരുന്നത് കണ്ടത്. ഇതോടെ വീട്ടിലേക്ക് തിരിഞ്ഞോടിയ സുനിതയും രമയും വീട്ടിനുള്ളിൽ കളിക്കുകയായിരുന്ന ഫർമാനെ വാരി പുണർന്ന് കുട്ടിയുമായി തൊട്ടടുത്ത പള്ളിക്കുള്ളിലേക്ക് ഓടിക്കയറി ഉച്ചത്തിൽ ബഹളമുണ്ടാത്തി . പള്ളിയിൽ ഈ സമയം എല്ലാവരും ജുമുഅ നിസ്ക്കാരത്തിനിടയിലുമായിരുന്നു.ഇതിനിടയിൽ വിവരം റംല യേയും അറിയിച്ചു. ഫയർഫോഴ്സിനെ വിളിച്ച് അറിയിക്കാനും ഇവർ മറന്നില്ല. പള്ളിയിൽ നിന്നും ആളുകൾ ഓടിയെത്തിയാണ് ആദ്യം രക്ഷ പ്രവർത്തനം നടത്തിയത്. അപ്പോഴേക്കും ഒരു മുറി പൂർണമായും കത്തി നശിച്ച് മറ്റിടങ്ങളിലേക്ക് കൂടി പടർന്നിരുന്നു. ഈയൊരു അപകട ഘട്ടത്തിൽ എന്ത് ചെയ്യണമെന്നറിയാതെയാണ് കുട്ടിയെ മാറോട് ചേർത്ത് പള്ളിക്കുള്ളിലേക്ക് ഓടിക്കയറിയതെന്ന് സുനിത പറഞ്ഞപ്പോൾ അവരുടെ അവസരത്തിനൊത്തുള്ള പ്രവർത്തിയെ വിശ്വാസികൾ ഒന്നടങ്കം പ്രശംസിച്ചു. വാർഡ് അംഗം റസിയ ഗഫൂർ അടക്കമുള്ളവർ സ്ഥലത്തെത്തി ഇവരെ അഭിനന്ദിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തിൽ സ്വർണാഭരണങ്ങൾ, പണം, ആധാരങ്ങൾ ഉൾപെടെ കത്തി നശിച്ചെങ്കിലും കുട്ടിയെ അടക്കം അപകടമില്ലാതെ ഹരിത കർമ്മ സേനാ ഗംങ്ങൾക്ക് രക്ഷിക്കാനായത് ആശ്വാസമായി. തീകൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് തടയാനുമായി.


Reactions

Post a Comment

0 Comments