കാഞ്ഞങ്ങാട് : ദേശീയ പാത നിർമ്മാണവുമായി ബന്ധപെട്ട്നീലേശ്വരം പുഴ മണ്ണിട്ട് അടച്ചു. ഇതേ തുടർന്ന് ഒന്നര ലക്ഷം വാഴ തൈകൾ വെള്ളം കയറി നശിച്ചതായി പരാതി.
വെള്ളക്കെട്ടിനെ തുടർന്നു കൃഷിനാശം ഉണ്ടായ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അരയി പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍
സന്ദര്‍ശിച്ചു. കൃഷി നാശത്തെ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി.രാഘവേന്ദ്രയ്ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വാഴകൃഷി മധുര കിഴങ്ങ് കൃഷി തുടങ്ങിയവയാണ് നശിച്ചത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴയില്‍ മണ്ണിട്ടടച്ചപ്പോഴാണ് ഈ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് എന്നാണ് പരാതി. അരയി വെള്ളരിക്കണ്ടം,കോടാളി,വിരിപ്പുവയല്‍,ചിറക്കാല്‍, കാര്‍ത്തിക വയല്‍ തുടങ്ങി പനങ്കാവു വരെ നീളുന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്. ഒന്നര ലക്ഷം വാഴ തൈകൾ നശിച്ചു നഷ്ടമുണ്ടായതായി കര്‍ഷകര്‍ കലക്ടറോട് പറഞ്ഞു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നേരത്തെ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത , കൗണ്‍സിലര്‍ കെ.വി. മായാകുമാരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി. സരസ്വതി, കെ. ലത കര്‍ഷക പ്രതിനിധി പി.പി. രാജു, അരയി തുടങ്ങിയവര്‍ കലക്ടറോട് വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി.രാഘവേന്ദ്ര കൃഷിഡെപ്യൂട്ടി ഡയറക്ടര്‍ സ്മിത നന്ദിനി കാഞ്ഞങ്ങാട് കൃഷി ഫീൽഡ് അസിസ്റ്റൻറ് കെ . മുരളിധരൻ കാഞ്ഞങ്ങാട് വില്ലേജ് ഓഫീസര്‍ കെ. രാജൻ തുടങ്ങിയവര്‍ കലക്ടറോടൊപ്പം ഉണ്ടായിരുന്നു. മേഘ കൺസ്ട്രക്ഷൻ കമ്പനിയുമായി ജനപ്രതിനിധികൾ സംസാരിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകി.
0 Comments