കാഞ്ഞങ്ങാട് :നീലേശ്വരംഅഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകട കേസിൽ ഒളിവിൽ പോയ ക്ഷേത്രം ഭാരവാഹികളായ പ്രതികളെ കണ്ടെത്താൻ പ്രതികളുടെ വീട്ടിൽ പൊലീസ് റെയിഡ്. എന്നാൽ പ്രതികളെ കണ്ടെത്താനായില്ല. ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരൻ്റെ പടന്നക്കാട് കോളേജിനടുത്തുള്ള വീട്ടിലും സെക്രട്ടറി കെ.ടി. ഭരതൻ്റെ നീലേശ്വരം പൊലീസ് സ്റ്റേഷന് പിറക് വശം കൊട്ടും പുറത്തുള്ള വീട്ടിലുമായിരുന്നു റെയിഡ്. വെള്ളിയാഴ്ച രാത്രിയാണ് റെയിഡ് നടന്നത്. ദിവസങ്ങളായി വീട്ടിൽ വരാറില്ലെന്ന് ഇരുവരുടെയും വീട്ടുകാർ പൊലീസിനെ അറിയിച്ചു. ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു പൊലീസ് റെയിഡ്. കോടതിയുടെ വാറൻ്റ് നീ ലേശ്വരം പൊലീസിന് ലഭിച്ച് മണിക്കൂറുകൾക്കകം പൊലീസ് അന്വേഷണവുമായി രംഗത്തിറങ്ങി. നേരത്തെ മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യത്തെ തുടർന്നാണ് റിമാൻ്റ് തടവിൽ നിന്നും രണ്ട് പ്രതികളും ജയിൽ മോചിതരായത്. ജാമ്യം ജില്ല സെഷൻസ് കോടതി റദ്ദാക്കുകയും പ്രതികളോട് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ പ്രതികൾ കീഴടങ്ങാതെ ഒളിവിൽ പോവുകയായിരുന്നു. ഇതേ തുടർന്നാണ് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഇതിനിടെ ഒളിവിൽ പോയ രണ്ട് പ്രതികളും മറ്റ് നാല് പ്രതികളും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനയുണ്ട്. കേസിൽ രണ്ട് പ്രതികളാണ് റിമാൻ്റിൽ കഴിയുന്നത്
0 Comments