കാഞ്ഞങ്ങാട് : പുല്ലൂർ ചാലിങ്കാലിൽ അയ്യപ്പ ഭജനമന്ദിരത്തിൻ്റെ ഉത്സവ സ്ഥലത്ത് ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവനത്തെ മുഹമ്മദ് ഇജാസിനെ 20 യാണ് ആക്രമിച്ചത്. ഇന്നലെ രാതി 11നാണ് സംഭവം. ചാലിങ്കാൽ അയ്യപ്പ ഭജനമന്ദിരത്തിലേക്ക് സുഹൃത്തുക്കളോടൊപ്പം എത്തി ഭക്ഷണശാലയിൽ വെച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഫൈബർ കസേര കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് പരാതി. വീണ്ടും അടിക്കുന്ന സമയം സുഹൃത്തുക്കൾ തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ് കേസ്. തലപിളർന്ന നിലയിൽ യുവാവ് ആശുപതിയിൽ ചികിൽസയിലാണ്. തലക്ക് ഒമ്പത് തുന്നിക്കെട്ടുണ്ട്. ഭക്ഷണത്തോടെ കസേരയിൽ നിന്നും നിലത്തുവീണ ഇജാസിനെ സുഹൃത്തുക്കൾ ആശുപതിയിലെത്തിക്കുകയായിരുന്നു. തലേ ദിവസം അയ്യപ്പഭജനമന്ദിരത്തിൽ നടന്ന കുട്ടികളുടെ കലാപരിപാടികളുടെ വീഡിയോ എടുക്കുന്നത് സംബന്ധിച്ചതർക്കമാണ് അക്രമത്തിന് കാരണമെന്നും പറയുന്നു. നേരത്തെ ചാലിങ്കാലിൽ താമസിച്ചിരുന്ന ഇജാസ് നിലവിൽ ചാലിങ്കാൽ പ്രിയദർശിനി ക്ലബിലെ അംഗമാണ്. യുവാവിൻ്റെ മൊഴിയെടുത്ത ശേഷം മണി എന്ന ആൾക്കെതിരെ അമ്പലത്തറ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കേളോത്തെ രാഗേഷിനെ 29 ആക്രമിച്ചതിന് നാല് പേർക്കെതിരെ കൂടി അമ്പലത്തറ പൊലീസ് കേസെടുത്തു. അഭി, കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയുമാണ് കേസ്. അയ്യപ്പ ഭജനമന്ദിരത്തിനടുത്ത ഗ്രൗണ്ടിൽ വെച്ച് കൈ കൊണ്ടും വടികൊണ്ടും കഴുത്തിനും പുറത്തും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.
0 Comments