Ticker

6/recent/ticker-posts

പാമ്പ് വിഷത്തിൻ്റെ മറുമരുന്നിലൂടെ ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ജനകീയ ഡോക്ടർക്ക് വിട

കാഞ്ഞങ്ങാട് : പാമ്പ് വിഷത്തിന്റെ മറുമരുന്നിലൂടെ ആയിരങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ജനകീയ ഡോക്ടർ ഇന്നലെ അന്തരിച്ച  ഡോ.ഹരിദാസ് വേർക്കോട്ടിന് നാട് വിട ചൊല്ലി. ആലിങ്കീൽ പൊതു ശ്മശാനത്തിൽ ഉച്ചക്ക് ഒരു മണിക്ക് സംസ്കാരം നടന്നു. കോഴിക്കോട് ആശുപത്രിയിൽ നിന്നും രാവിലെ 9 മണിക്ക് ചിറപ്പുറത്തെ വീട്ടിലെത്തിച്ചു. 12 മണി വരെ പൊതു ദർശനം. നൂറ് കണക്കിനാളുകൾ വീട്ടിലും സംസ്ക്കാര ചടങ്ങിനുമെത്തി. മരണവാർത്ത വന്നത് മുതൽ നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ആദരാജ്ഞലികളുണ്ടായി.
പാമ്പ് കടിയേറ്റ് എത്ര ഗുരുതരാവസ്ഥയിലായാലും  ഡോക്ടറുടെ നീലേശ്വരം  ചെറപ്പുറത്തെ ക്ലിനിക്കിൽ എത്തിയാൽ അവരെ രക്ഷപ്പെടുത്തിയേ ഡോക്ടർക്ക് വിശ്രമമുള്ളൂ.  പാമ്പ് കടിയേറ്റ് ഡോക്ടറുടെ ക്ലിനിക്കിൽ കൃത്യസമയത്ത് എത്താൻ കഴിയാത്ത ഏഴ് ഹതഭാഗ്യർ മരണത്തിന് കീഴടങ്ങിയിരുന്നു. ആദ്യകാലത്തൊക്കെ വിഷ വൈദ്യനെന്ന്  കരുതിയിരുന്ന ഹരിദാസ് ഡോക്ടർ  എംബിബിഎസ് ഡോക്ടറാണെന്ന് വളരെ വൈകിയാണ് പലരും അറിഞ്ഞിരുന്നത്.പാലക്കാട് കോങ്ങാട് സ്വദേശിയായ ഹരിദാസ് ജില്ലയിൽ മടിക്കയിൽ സർക്കാർ ഡോക്ടറായി നിയമനം ലഭിച്ചപ്പോൾ പലരും ധരിച്ചത് സ്ഥലംമാറ്റം വാങ്ങി തിരികെ പോകും എന്നായിരുന്നു. എന്നാൽ ഇതിന് വിപരീതമായി അദ്ദേഹം ഇവിടെ ഗ്രാമീണ മേഖലയിൽ ആതുര സേവനം ചെയ്ത് നാടിൻറെ ജനകീയ ഡോക്ടറായി മാറുകയായിരുന്നു.സർവീസിൽ നിന്ന് നേരത്തെ പിരിഞ്ഞതിനു ശേഷം നീലേശ്വരം ചിറപ്പുറത്ത് ക്ലിനിക് നടത്തുകയായിരുന്നു. അറിയപ്പെടുന്ന ത്വക്ക് രോഗ  ചികിത്സകൻ കൂടിയാണ്. വിഷബാധയേറ്റാലും മറ്റു രോഗങ്ങളാ യാലും ക്ലിനിക്കിലെത്തിയാൽ അസുഖം ഭേദമാകും എന്ന കാര്യത്തിൽ ഒരു സംശയം ആർക്കും  ഉണ്ടായിരുന്നില്ല. പേരും പ്രശസ്തിയും ഒരിക്കലും ആഗ്രഹിക്കാത്ത ഹരിദാസ് ചികിത്സയിലൂടെയും ലാഭം കൊയ്യണമെന്ന് ആഗ്രഹവും ഉണ്ടായിരുന്ന ആളല്ല. പൊതുരംഗത്തും സജീവമായിരുന്ന ഡോക്ടർ യുവകലാസാഹിതിയുടെ സജീവ പ്രവർത്തകനായിരുന്നു.1972 കേരള ഹെൽത്ത് സർവീസിൽ അസിസ്റ്റൻറ് സർജനായി വിവിധ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിച്ചു.രാജിവെച്ച് ചിറപ്പുറത്ത് സ്വന്തമായി ക്ലിനിക്ക് തുടങ്ങുകയായിരുന്നു.ഭാര്യ: പരേതയായ ഗീത കുറുപ്പത്ത്.മക്കൾ: ഡോ. രാധിക മനോജ് (യുകെ), രഞ്ജിത്ത് ഗൗതം.മരുമകൻ ഡോ. മനോജ് 
(യു കെ  ).
Reactions

Post a Comment

0 Comments