കാഞ്ഞങ്ങാട്: മുപ്പതിനായിരത്തോളം പുസ്തകങ്ങൾ വായിച്ച് സംസ്ഥാനത്തിനാകെ മാതൃക പകർന്ന അവധിക്കാല വായന പദ്ധതിയുടെ തിളക്കത്തിൽ ഹോസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ. മൊബൈൽ ഫോണിനും ലാപ്പിനും ടാബിനും ടെലിവിഷനും മുന്നിൽ കുരുന്നുകളുടെ അവധിക്കാലം തളച്ചിടാതെ നടത്തിയ വായന വെളിച്ചം പദ്ധതിയാണ് ഏവരെയും വിസ്മയിപ്പിക്കും വിധത്തിൽ കുട്ടികളുടെ ഉത്സവമായി മാറിയത്.താലൂക്കിലെ 230 ഗ്രന്ഥശാലകളിൽ 1612 വായനക്കൂട്ടങ്ങളാണ് ചേർന്നത്.ഏപ്രിൽ, മെയ് മാസങ്ങളിലായി ഇവിടെ വായിക്കാനെത്തിയ 4988 കുട്ടികൾ വായിച്ചു തീർത്തത് 31366 പുസ്തകങ്ങൾ!. വായിച്ചാസ്വദിച്ച് ഇവരെഴുതിയ കുറിപ്പുകളുടെ എണ്ണം 13868. ഇളംതലമുറയുടെ വായന വിസ്മയത്തിൻ്റെ സാക്ഷ്യപത്രങ്ങളായി ഓരോ ഗ്രന്ഥശാലയിലും ഈ കുറിപ്പുകൾ കാണാം .
രണ്ടു മാസം ചുരുങ്ങിയത് എട്ടുതവണയെങ്കിലും ഓരോ ഗ്രന്ഥശാലയിലും കുട്ടിക്കൂട്ടം ഒത്തുചേരാനായിരുന്നു തീരുമാനം. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനമെഴുതി വായിച്ചും ഓരോ കൃതികളെയും റീഡിംഗ് തിയറ്റർ, നാടകം, സംഗീതശില്പം, ചിത്രരചന, മൈം, സർഗാത്മക സൃഷ്ടികളടങ്ങിയ കൈയെഴുത്തു മാഗസിൻ തുടങ്ങിയ വൈവിധ്യമാർന്ന ആവിഷ്ക്കാരങ്ങളിലൂടെയും വായന വെളിച്ചം കുരുന്നുകൾക്ക് മാത്രമല്ല നാടിന്നാകെ വെളിച്ചം പകർന്നു. കുട്ടികൾ തന്നെ അധ്യക്ഷപദമേറ്റെടുത്തും സ്വാഗതവും നന്ദിയും പറഞ്ഞും സംഘാടനത്വത്തിൽ വേറിട്ട കാഴ്ചയായി. യാത്ര ഇഷ്ടപ്പെടുന്ന ബാല്യത്തിൻ്റെ മനസ്സറിഞ്ഞ് സാഹിത്യ കൃതികളിൽ പ്രകൃതിയിടങ്ങൾ പശ്ചാത്തലമായി വരുന്ന ഇടങ്ങൾ വായനയ്ക്കുള്ള കേന്ദ്രമായി. കടൽക്കരയിലും കായൽക്കരയിലും കുന്നിൻ പുറത്തും കുളപ്പടവുകളിലും കാവുകളിലും തുരുത്തുകളിലും വഞ്ചിപ്പുരകളിലും കുട്ടിക്കൂട്ടം ഒത്തുചേർന്നു.മാർച്ച് മാസത്തിൽ തന്നെ സർവെ നടത്തിയും പ്രമോ വീഡിയോ നിർമിച്ചും ഗ്രന്ഥശാലാ തല കൺവീനർമാരും ഗ്രന്ഥാലയ കമ്മിറ്റികളും വായന വെളിച്ചത്തിൻ്റെ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഡോ.കെ വി സജീവൻ ചെയർമാനായ അക്കാദമിക് കമ്മിറ്റിയാണ് കഴിഞ്ഞ മൂന്നു വർഷക്കാലവും പ്രവർത്തനവഴികളിലേക്ക് നവംനവങ്ങളായ ആശയങ്ങൾ കൈമാറിയത്.പദ്ധതിയുടെ അവസാന ഘട്ടത്തിൽ 'വെളിച്ചത്തിനെന്തു വെളിച്ചം' എന്ന പേരിൽ സംഘടിപ്പിച്ച സമാപനച്ചടങ്ങുകൾ രക്ഷിതാക്കളും നാട്ടുകാരാകെയും അണിനിരന്ന ഉത്സവമായി. അന്തിമ മൂല്യനിർണയത്തിനായി' അവസാന ലാപ്പിലെത്തിയ 27 ഗ്രന്ഥശാലകൾക്കായി മൂന്ന് കേന്ദ്രങ്ങളിലായി നടത്തിയ പരിപാടിയും പുതിയൊരനുഭവമായി.
ജൂലൈ 6ന് ഞായറാഴ്ച രാവിലെ 9.30ന് നീലേശ്വരം കോട്ടപ്പുറത്തെ നഗരസഭാ ഹാളിൽ എം രാജ ഗോപാലൻ എം എൽ എ 'വായന വെളിച്ചം' പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സുനിൽ പട്ടേനയും സെക്രട്ടറി പി. വേണുഗോപാലനും അറിയിച്ചു.
താലൂക്കിലെ എട്ട് ഗ്രന്ഥശാലകൾ മികച്ച ഗ്രന്ഥശാലകൾക്കുള്ള പുരസ്കാരം നേടി.പി കോരൻ മാസ്റ്റർ ഗ്രന്ഥാലയം ഉളിയം കടവ്, അനശ്വര ലൈബ്രറി ആൻ്റ് റീഡിംഗ് റൂം തെക്കെ മാണിയാട്ട്, ഇ കെ നായനാർ ഗ്രന്ഥാലയം പട്ടോളി ചീമേനി, സി കുഞ്ഞിക്കോരൻ സ്മാരക ഗ്രന്ഥാലയം മുഴക്കോം,മൈത്രി ഗ്രന്ഥാലയം മാങ്ങാട്, അഡ്വ.പി കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം വണ്ണാർ വയൽ, ഇ എം എസ് സ്മാരക ഗ്രന്ഥാലയം കരിച്ചേരി, വിദ്യാപോഷിണി ഗ്രന്ഥാലയം പള്ളിക്കര നീലേശ്വരം എന്നിവയാണ് മികവിനുള്ള പുരസ്കാരങ്ങൾ നേടിയത്.പ്രവർത്തന മികവ് പുലർത്തിയ കൺവീനർമാർക്കുള്ള പുരസ്കാരം അഞ്ചു പേർക്കാണ് -പി പി ശിവനന്ദ (പി കോരൻ മാസ്റ്റർ ഗ്രന്ഥാലയം ഉളിയം കടവ്), എം പ്രിനിത ( ഇ കെ നായനാർ ഗ്രന്ഥാലയം പട്ടോളി),ബി പി ദിവ്യ (അഡ്വ.പി കൃഷ്ണൻ നായർ ഗ്രന്ഥാലയം വണ്ണാർ വയൽ), ടി വിജിന (ജനശക്തി ഗ്രന്ഥാലയം പട്ടേന), അനുശ്രീ ഉണ്ണികൃഷ്ണൻ ( ഭാസ്കര കുമ്പള ഗ്രന്ഥാലയം ഉമിച്ചി മടിക്കൈ ). മികച്ച ഡോക്യുമെൻഡേഷനുകൾ തയാറാക്കിയതിനുള്ള പുരസ്കാരം പീപ്പിൾസ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറി പള്ളിക്കര, വള്ളത്തോൾ സ്മാരക ഗ്രന്ഥാലയം ഓരി, അനശ്വര ഗ്രന്ഥാലയം തെക്കെ മാണിയാട്ട്, ശ്രീകുമാർ സ്മാരക ഗ്രന്ഥാലയം കാരിയിൽ എന്നിവ കരസ്ഥമാക്കി.മികച്ച വായനക്കാരിയായ കുട്ടിയായി കരിച്ചേരി ഇ എം എസ് ഗ്രന്ഥാലയത്തിലെ പി മാളവികയെ തെരഞ്ഞെടുത്തു. എ ഗ്രേഡ് നിലവാരത്തിലെത്തിയ താലൂക്കിലെ 19 ഗ്രന്ഥശാലകൾക്ക് പ്രോൽസാഹന പുരസ്കാരങ്ങളും നൽകും.
0 Comments