കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ടു. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ജയിലിനു പുറത്തേക്ക് ചാടിയത്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. സി 46 എന്ന ജയിൽ വേഷത്തിൽ തന്നെയാണ് രക്ഷപ്പെട്ടത്. ഗോവിന്ദചാമിയെ തിരിച്ചറിയാൻ കഴിയുന്ന പുതിയ ഫോട്ടോ ജയിൽ അധികൃതകർ പുറത്തുവിട്ടു.2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.
കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു. പ്രതിയെ കണ്ടെത്താൻ ട്രെയിനുകളിലടക്കം പൊലീസ് രാവിലെ മുതൽ അന്വേഷണം ആരംഭിച്ചു. ഫോട്ടോ കാണിച്ച് യാത്രക്കാരോട് പ്രതിയെ തിരിച്ചറിഞ്ഞാൽ അറിയിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കാസർകോട്, മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകളിലും തിരച്ചിൽ ആരംഭിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന നടക്കുന്നു.
0 Comments