കാഞ്ഞങ്ങാട്: കാസര്‍കോട്ടും സംസ്ഥാനത്തെ വിവിധ ജില്ലകളിലും നിരവധിപേര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിക്കെതിരെ 30 ഓളം തട്ടിപ്പ് കേസുകൾ. ഹോസ്ദുര്‍ഗ് പൊലീസ് ബംഗളൂരുവില്‍ നിന്ന് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. തൃശൂര്‍ ജില്ലയിലെ അഷ്ടമിച്ചിറ സ്വദേശി ഗൗതം കൃഷ്ണ യാണ് തട്ടിപ്പ് വീരൻ. ജര്‍മ്മനിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് വിസ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് നിരവധി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ 30 ഓളം പേരില്‍ നിന്നുമായി 60 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുക്കുകയും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞു കബളിപ്പിക്കുകയുമായിരുന്നു. പണം നല്‍കിയവര്‍ക്ക് കൃത്യമായ മറുപടി ലഭിക്കാതെയായതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിയെത്തിയത്. ബംഗളൂരുവില്‍ ആഡംഭര ജീവിതം നയിക്കുകയായിരുന്ന പ്രതിയെ ജില്ല പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി സി.കെ. സുനില്‍കുമാറിൻ്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാര്‍, എ എസ് ഐ ആനന്ദകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനീഷ് കുമാര്‍, കമല്‍ കുമാര്‍, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്നാണ് അതിവിദഗ്ദമായി വലയിലാക്കിയത്. സൈബര്‍ വിദഗ്ദ്ധരായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍ , സിവില്‍ പൊലീസ് ഓഫീസര്‍ രമിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
0 Comments