കാസർകോട്:ദേശീയ പാതക്കരികിൽ പഞ്ചറായ ലോറിയുടെ ടയർ മാറ്റുന്നതിനിടെ മറ്റൊരു ലോറി പാഞ്ഞ് കയറി മൂന്ന് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയിലും മീൻ കയറ്റിയ മിനി ലോറിയിലും ഇടിച്ച ശേഷം ടയർ മാറ്റുകയായിരുന്ന മൂന്ന് പേരെ ഇടിക്കുകയായിരുന്നു. ഉപ്പള കൈക്കമ്പയിൽ ഇന്ന് പുലർച്ചെ 3.30 നാണ് അപകടം. ലോറി ഡ്രൈവർ മഞ്ചേശ്വരം സ്വദേശി ഷംസീർ 30 അടക്കം മൂന്ന് പേർക്കാണ് പരിക്ക്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോകുന്ന റോഡിലാണ് അപകടം. കാസർകോട് ഭാഗത്ത് നിന്നും വന്ന ലോറിയാണ് ഇടിച്ചത്. അപകടമുണ്ടാക്കിയ ലോറി ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments