കാഞ്ഞങ്ങാട് :ഡിസംബര്‍ 20 മുതല്‍ 31 വരെ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിന്റെ മൂന്നാമത് എഡിഷന്റെ ഉദ്ഘാടനം നാളെ ഡിസംബർ 20 വൈകീട്ട് നാലിന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ബേക്കൽബീച്ച് ഫെസ്റ്റ് സംഘാടകസമിതി ചെയർമാൻ കൂടിയായസി.എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യതിഥിയാകും. എം.എല്‍.എ മാരായ എം.രാജാഗോപാലന്‍ ,ഇ.ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ എം.അഷറഫ്, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡി, മുന്‍ എം.എല്‍.എമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ബേക്കല്‍ പശ്ചാത്തലമാക്കി ചിത്രീകരിച്ച ബോംബെ സിനിമയുടെ സംവിധായകന്‍ മണിരത്‌നം സിനിമാതാരം മനീഷ കൊയ്രാള, ഛായാഗ്രാഹകന്‍ രാജീവ് മേനോന്‍ എന്നിവര്‍ ചടങ്ങില്‍ അതിഥികളാവും.
കാസര്‍കോട് ജില്ലയുടെ സമഗ്രവികസനത്തിന് ഗതി നല്‍കുന്ന ജനകീയ ഉത്സവം 12 ദിനരാത്രങ്ങളിലായ് ബേക്കലിന്റെ മണ്ണില്‍ അരങ്ങേറുന്നത്. കേരള വിനോദ സഞ്ചാര വകുപ്പ്, ബി.ആര്‍.ഡി.സി, കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ വ്യവസായ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് സ്ഥാപനങ്ങള്‍, ബേക്കല്‍ ബീച്ച് പാര്‍ക്കിന്റെ നടത്തിപ്പ് കരാറുകാരായ ബേക്കല്‍ ബീച്ച് ടൂറിസം പ്രമോഷന്‍ ഐ.എന്‍.സി എന്നിവരുടെ സഹകരണത്തോടെയാണ് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
പാര്‍ക്കിങ്ങിന് പ്രത്യേക സൗകര്യം
പാര്‍ക്കിങ്ങിന് വിശാല സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളിക്കര പി.എച്ച്.സി പരിസരം, പള്ളിക്കര ജി.എച്ച്.എസ്.എസ് പരിസരം, റോഡിന്റെ ഇരുവശങ്ങളിലും മറ്റു വാഹനങ്ങള്‍ക്ക് തടസമില്ലാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. വടക്ക് ഭാഗത്തായി ബേക്കല്‍ മിനി സ്റ്റേഡിയം,ബേക്കല്‍ ഫോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയ,പാര്‍ക്കിന്റെ പുറത്ത് ഇരുവശത്തായുള്ള സ്വകാര്യ ഭൂമി, പാര്‍ക്കിന്റെ തെക്കേ അറ്റത്ത് പഴയ റെഡിമൂണ്‍ ബീച്ച് പരിസരം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഷൈല ബാനുവിന്റെയും ശേഖര്‍ നാരായണന്റെയും പ്രണയത്തിന്റെ മുപ്പതാണ്ടുകള്‍; 'ബോംബെ'യുടെ ഓര്‍മകളില്‍ ബേക്കല്‍ കോട്ട
മണിരത്‌നത്തിന്റെ ക്ലാസിക് ചിത്രം 'ബോംബെ' പുറത്തിറങ്ങി 30 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, സിനിമയുടെ ഓര്‍മ്മകള്‍ക്ക് പുതുജീവന്‍ പകരുന്ന ആഘോഷങ്ങള്‍ക്ക് കാസര്‍കോടിന്റെ ചരിത്ര പ്രസിദ്ധമായ ബേക്കല്‍ കോട്ട വേദിയാകുന്നു. 'ബോംബെ'യുടെ സംവിധായകന്‍ മണിരത്‌നം, നായിക മനീഷ കൊയ്‌രാള, ഛായാഗ്രഹന്‍ രാജീവ് മേനോന്‍ ഇന്ന് ബേക്കലിന്റെ മണ്ണിലെത്തും. രാവിലെ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനോടൊപ്പം ബേക്കല്‍ കോട്ട സന്ദര്‍ശിക്കും. ഇന്ത്യന്‍ സിനിമയുടെ സാംസ്‌കാരിക ഭൂപടത്തില്‍ ആഴത്തില്‍ പതിഞ്ഞ 'ബോംബെ'യുടെ മൂന്ന് പതിറ്റാണ്ടുകളുടെ സഞ്ചാരമാണ് ഈ ചടങ്ങിലൂടെ ഓര്‍മ്മിക്കപ്പെടുന്നത്.
'ബോംബെ'യിലെ പ്രശസ്തമായ 'ഉയിരേ' ഗാനത്തിന്റെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച ഇടമായ ബേക്കല്‍ കോട്ടയെ വീണ്ടും സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിനോടൊപ്പം, പ്രദേശത്തെ സിനി ടൂറിസം സാധ്യതകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും കേരള ടൂറിസം വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബി.ആര്‍.ഡി.സിയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
0 Comments