കാഞ്ഞങ്ങാട്: പൂച്ചക്കാട് അരയാൽ തറയിലെ പ്രവാസി അബ്ദുൾ മജീദിൻ്റെ വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശിയെ ബേക്കൽ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് പിന്നാലെ നഷ്ടപെട്ട മുഴുവൻ സ്വർണാഭരണങ്ങളും രഹസ്യ കേന്ദ്രത്തിൽ നിന്നും പൊലീസ് കണ്ടെടുത്തു. കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പ് കരിമൊക്കൈ സ്വദേശി രാജൻ എന്ന നടരാജൻ 61ഒളിപ്പിച്ച് വച്ചിരുന്ന ആ ഭരണങ്ങളാണ് ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെടുത്തത്. മെയ് 9ന് രാവിലെ 6.30നും മെയ് 10ന് ഉച്ചക്ക് 12 മണിക്കും ഇടയിലുള്ള സമയത്താണ് നാടിനെ നടുക്കിയ മോഷണം നടന്നത്. പൂച്ചക്കാട് അരയാൽ തറയിൽ വീടിൻ്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പവൻ്റെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ മജീദിന്റെ ഭാര്യഹലീമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 10ന് ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മെയ് 19-നാണ് പ്രതിയായ നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ് പ്രതി. കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതിയെ, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മെയ് 22ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കസ്റ്റഡിയിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതൽ ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് പ്രതിയുമായി നടത്തിയ പരിശോധനയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള നേതാജി റോഡിലെ ഒരു രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തുകയായിരുന്നു. മാല, മോതിരം, വള എന്നിവയടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ പൂർണ്ണമായും പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൽ എസ്.എച്ച്.ഒ ശിവം ഐ.പി.എസ്, ഇൻസ്പെക്ടർ അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ കെ. വി. മനോജ് കുമാർ, അഖിൽ സെബാസ്റ്റ്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റോജൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയതും തൊണ്ടിമുതൽ അതിവിദഗ്ദ്ധമായി കണ്ടെടുത്തതും. നടപടികൾ പൂർത്തിയാക്കി പ്രതിയ വീണ്ടും കോടതിയിൽ ഹാജരാക്കും.
0 Comments