Ticker

6/recent/ticker-posts

സർവീസ് റോഡ്പൂർത്തിയാക്കിയില്ല, ദേശീയ പാത ഉപരോധിച്ചു,കരാർ കമ്പനിയുടെ വാഹനത്തിൽ കൊടി കെട്ടി

കാഞ്ഞങ്ങാട്: പുല്ലൂര്‍ പൊള്ളക്കടയില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സര്‍വീസ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാത്ത ദേശീയപാത കരാര്‍ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഇന്ന് രാവിലെ പൊള്ളക്കടയില്‍ സി.പി.എം നേതൃത്വത്തിൽ നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയും മേഘ കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധമറിയിക്കുകയും ചെയ്തു. വാഹനത്തിൽ സി.പി.എമ്മിൻ്റെ കൊടി കെട്ടുകയും ചെയ്തു.
ഇതോടെ കമ്പനി പ്രതിനിധികള്‍ സ്ഥലത്തെത്തുകയും എത്രയും വേഗം പണി തീര്‍ക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സി.പി.എം ചാലിങ്കാല്‍ ലോക്കല്‍ സെക്രട്ടറി ഷാജി എടമുണ്ട, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം നാരായണന്‍ മാടിക്കാല്‍, പുല്ലൂര്‍-പെരിയ പഞ്ചായത്തംഗം എ കൃഷ്ണന്‍, ബി. ഷൈജു ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൊള്ളക്കട ഏമ്പംകുണ്ടില്‍ പടിഞ്ഞാറുഭാഗത്ത് ദേശീയപാതക്ക് സമീപമുള്ള തോട് ഭാഗീകമായി നികത്തിയാണ് മേഘ ദേശീയപാത വികസന പ്രവൃത്തികള്‍ തുടങ്ങിയത്. ഈ തോടിന്റെ ബണ്ട് കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ തകര്‍ന്നു. ഇതോടെ ഏമ്പംകുണ്ടില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് കടക്കാന്‍ ആളുകള്‍ ആശ്രയിക്കുന്ന ഇരുമ്പ് പാലം അപകടാവസ്ഥയിലായി. പാലം ഏത് സമയത്തും വീഴാവുന്ന സ്ഥിതിയിലാണ്. താഴെ വെള്ളം കുത്തിയൊഴുകുമ്പോള്‍ ഈ പാലത്തിലൂടെ പോകാന്‍ പ്രദേശവാസികള്‍ ഭയക്കുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മേഘ കമ്പനി തോട് ഭാഗീമായി നികത്തിയത് മൂലം മഴക്കാലത്ത് കരകവിഞ്ഞ് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊഴുകുന്നതിനാല്‍ വര്‍ഷങ്ങളായി പടിഞ്ഞാറുഭാഗത്തെ വയലില്‍ കൃഷി ചെയ്യാന്‍ കഴിയുന്നില്ല. മാത്രമല്ല ഈ ഭാഗത്തെ നിരവധി കുടുംബങ്ങള്‍ വെള്ളപ്പൊക്കഭീഷണിയിലാണ്. മണ്ണും കല്ലുകളും വയലിന്റെ പകുതി ഭാഗവും നിറഞ്ഞിരിക്കുകയാണ്. വയലുകളിലെ വെള്ളക്കെട്ടുകള്‍ കാരണം സമീപത്തെ വീടുകളിലേക്ക് നടന്നുപോകാനുള്ള വഴികളും അടയുകയാണ്. കവുങ്ങിന്‍ തടി കൊണ്ടുണ്ടാക്കിയ പാലം ദ്രവിച്ചതോടെ നാട്ടുകാരുടെ ആവശ്യപ്രകാരം ദേശീയപാത കരാര്‍ കമ്പനി രണ്ടുവര്‍ഷം മുമ്പാണ് ഇരുമ്പ് പാലം എത്തിച്ച് റോഡിന് കുറുകെയിട്ടത്. ഈ പാലം താല്‍ക്കാലികമാണെന്നും സര്‍വീസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം തോട് പൂര്‍വ സ്ഥിതിയിലാക്കി കോണ്‍ക്രീറ്റ് പാലം നിര്‍മ്മിച്ചുതരാമെന്നും മേഘ കമ്പനി ഉറപ്പ് നല്‍കിയിരുന്നു. മാസങ്ങള്‍ക്ക്മുമ്പ് ഏമ്പംകുണ്ട് ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മാണം ആരംഭിച്ചെങ്കിലും കാലവര്‍ഷം വരുന്നതിന് ഒരുമാസം മുമ്പ് തന്നെ പണി നിര്‍ത്തിവെച്ചു. സര്‍വീസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ തോടിന് വീതി കൂട്ടാന്‍ കഴിയില്ല. ഇതോടെ ഈ മഴക്കാലത്തും ഏമ്പംകുണ്ട് നിവാസികള്‍ കടുത്ത ദുരിതം നേരിടുകയാണ്.
Reactions

Post a Comment

0 Comments