കാഞ്ഞങ്ങാട്: എണ്ണപ്പാറയിൽ സി.പി.എം ഓഫീസ് ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. എണ്ണപ്പാറയിലെ വിശാൽ കെ ബാബു 21 പറക്കളായി തോണിക്കല്ലിലെ ടി. കെ. അഭിനവ് 22 എന്നിവരാണ് പിടിയിലായത്. അമ്പലത്തറ എസ്. ഐ എം . വി . പ്രകാശനാണ് കേസെടുത്തതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികൾ ബി.ജെ.പി പ്രവർത്തകരെന്ന് പൊലീസ് പറഞ്ഞു.എണ്ണപ്പാറയിൽ സി.പി.എം ഓഫീസ് ആക്രമിക്കുന്നതിനിടെ പ്രതികളിൽ ഒരാളുടെ കൈക്ക് ഗുരുതര പരിക്കേറ്റു. വിശാൽ കെ ബാബു പറക്കളായി തോണിക്കല്ലിലെ ടി. കെ. അഭിനവ് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വിശാലിനാണ് പരിക്കേറ്റത്. ഇടത് കൈക്ക് ആഴത്തിൽ മുറിവേറ്റു. ആദ്യം കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇടത് കൈക്കേറ്റ പരിക്ക് ഗുരുതരമായ തിനാൽ പരിയാരത്തേക്ക് കൊണ്ട് പോവുകയായിരുന്നു. അമ്പലത്തറ എസ്. ഐ എം . വി . പ്രകാശനാണ് പരിയാരത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിസഹായത്തിനായി ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു. അക്രമം നടന്ന പാർട്ടി ഓഫീസിൽ ചോര പാടുകൾ കണ്ടതാണ് വഴി തിരിവായത്. തുടർന്ന് പ്രദേശത്തെ നിരവധി സി. സി. ടി. വി കൾ പൊലീസ് പരിശോധിച്ചു. രണ്ട് പേർ സ്കൂട്ടിയിൽ പോകുന്ന ദൃശ്യം ലഭിച്ചതോടെ നാട്ടുകാർ പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിയുടെ മാതാവിനെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ചികിൽസ തേടി പരിയാരം മെഡിക്കൽ കോളേജിൽ പ്രതികൾ ഉള്ളതായി വ്യക്തമായത്. പാർട്ടി ഓഫീസിൻ്റെ എട്ട് ജനാല ചില്ലുകൾ അടിച്ച് തകർത്തിരുന്നു. ഈ സമയത്താണ് പ്രതിക്ക് പരിക്കേറ്റത്. പാർട്ടി ഓഫിസിന് മുന്നിലെ കൊടിമരവും തകർത്തു. ഒരു കിലോമീറ്റർ അകലെ മേലെ എണ്ണപ്പാറയിലെ സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ കൊടിമരവും തായന്നൂർ ജംഗ്ഷനിൽ സി.പി.എം കൊടിമരവും ഫ്ളക്സ് ബോർഡും തകർത്തിരുന്നു. പ്രതികൾ സഞ്ചരിച്ച സ്കൂട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments