കാഞ്ഞങ്ങാട് :സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ മാവുങ്കാലിന് സമീപം സ്കൂട്ടർ കുറുകെയിട്ട് തള്ളിയിട്ട ശേഷം 3 പവന്റെ സ്വർണമാല കവർന്ന സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ.മാവുങ്കൽ നെല്ലിത്തറ പുലയനടുക്കത്തെ പി. സിന്ധുവിന്റെ മാല കവർന്ന കേസിൽ കൊയിലാണ്ടി മാവേലിക്കണ്ടി ഹൗസിൽ സൂര്യൻ 26, കോഴിക്കോട് താമരശ്ശേരി അടിവാരം മുപ്പ തേക്കർഹൗസിൽ അനസ് എന്ന റമ്പൂട്ടാൻ അനസ് 29 എന്നിവരാണ് പിടിയിലായത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.ദിനേശൻ്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യും.മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇതേ രീതിയിൽ നടത്തിയ കവർച്ചുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞങ്ങാട്ടെ കവർച്ച നടത്തിയത് ഇവരാണെന്ന് സമ്മതിച്ചത് .കൂത്തുപറമ്പ് എ.സി.പി സിബിടോമിന്റെ നേതൃത്വത്തിൽ നടത്തിയ സമർത്ഥമായ അന്വേഷണത്തിനോടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.299 സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യം മാത്രമാണ് ലഭിച്ചത്. എന്നാൽ കോഴിക്കോട് ഒരു ഹോട്ടലിൽ ചായ കഴിക്കാനായി സ്കൂട്ടർ നിർത്തി ഹെൽമെറ്റ് ഒഴിവാക്കി നടന്നുപോകുന്ന ദൃശ്യം ലഭിച്ചതോടെ അനസിനെ തിരിച്ചറിഞ്ഞു.തുടർന്ന് കഴിഞ്ഞദിവസം രാത്രി അനസിന്റെ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്.ഇതോടെ കൂട്ടുപ്രതിയെയും അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട്ടെ കവർച്ച നടത്തിയതിനുശേഷം മംഗളൂരു ഭാഗത്തേക്കാണ് പോയത്.സ്കൂട്ടർ അവിടെ ഉപേക്ഷിച്ചിരുന്നു. പ്രതികൾ കാഞ്ഞങ്ങാട്ടും കവർച്ച നടത്തിയത് സമ്മതിച്ചു. പ്രതികളെ ജയിലിൽ ചോദ്യം ചെയ്ത് ശേഷം കസ്റ്റഡിയിൽ വാങ്ങി കാഞ്ഞങ്ങാട്ടേക്ക് കൊണ്ട് വരുമെന്ന് ഹോസ്ദുർഗ് ഇൻസ്പെക്ടർ പറഞ്ഞു. ജോലികഴിഞ്ഞ് കാഞ്ഞങ്ങാട് നിന്നും സ്വന്തം സ്കൂട്ടിയിൽ പോകവെയാണ് പിന്തുടർന്ന് എത്തിയ കവർച്ചാ സംഘം മാലകവർന്നത്.
0 Comments