Ticker

6/recent/ticker-posts

സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലിക്കെതിരെ സി.പി.എം, കർശന നടപടിക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കാഞ്ഞങ്ങാട്:   കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ നടത്തിയ ക്വിസിൽ വിവാദമുണ്ടായ സാഹചര്യത്തിൽ  അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ  പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ആഗസ്റ്റ് 6 ന് കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ  സംഘടിപ്പിച്ച ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെയോ വിദ്യാഭ്യാസ വകുപ്പിൻ്റെയോ പ്രവർത്തന കലണ്ടറിൽ  തീരുമാനിക്കാത്ത പരിപാടിയാണ്, ഇത് പോലെ  പ്രദേശികമായി അനൗദ്യോഗികമായി  ചോദ്യങ്ങൾ നിർമ്മിച്ച്  മത്സരം നടത്താൻ   വിദ്യാഭ്യാസ വകുപ്പും, സാമൂഹ്യ ശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ല. ഈ പശ്ചാത്തലത്തിൽ ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റായ  ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ദോഷൈകദൃഷ്ടിയുള്ളവരാണ്. ഇത്തരത്തിൽ തെറ്റായ ചോദ്യം തയ്യാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടു പിടിച്ച്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മന്ത്രി എൻ ഷംസുദ്ദീൻ ഡയറക്ടർക്ക്  നിർദ്ദേശം നൽകി.

സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലി സംഘപരിവാർ അജണ്ടയുടെ
 പ്രയോഗവൽക്കരണം: എം . രാജഗോപാലൻ
കാഞ്ഞങ്ങാട്:പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ തികഞ്ഞ ഹിന്ദുത്വവാദിയായ വി ഡി സവർക്കറെ പുകഴ്‌ത്തിക്കൊണ്ടുള്ള ചോദ്യംവന്നത് സംഘപരിവാർ അജണ്ടയുടെ പ്രയോഗവൽക്കരണമാണെന്ന്‌ സിപി എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് യുഡിഎഫ്‌ സർക്കാരാണ് സംസ്ഥാനത്ത്‌ അധികാരത്തിലിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണ്. എല്ലാ രംഗത്തും സംഘപരിവാറിന് കീഴ്പ്പെട്ടുകൊണ്ട് അവരുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരും സംഘാടകരും പ്രേരകരുമായിമാറിക്കൊണ്ടിരിക്കുകയാണ്‌ യുഡിഎഫ്‌.
പൊതുവിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രവണതകളെ നിസാരവൽക്കരിച്ചാൽ വലിയ അപകടമാണുണ്ടാവുക. സംഘപരിവാറിനെതിരായി ഇന്നത്തെ സംസ്ഥാന സർക്കാരിൽനിന്ന്‌ നിലപാടുകൾ പ്രതീക്ഷിക്കുന്നത്‌ മരുഭൂമിയിൽനിന്ന് ദാഹജലം പ്രതീക്ഷിക്കുന്നത്തിന് സമാനമാണ്. ഏതെങ്കിലും ഒരു കൈത്തെറ്റുകൊണ്ട് സംഭവിച്ചതല്ല സവർക്കറെ പുകഴ്‌ത്തിയുള്ള ചോദ്യാവലി. വളരെ ആസൂത്രിതമായ നീക്കമാണിത്‌. നമ്മുടെ മതേതരത്വത്തെ വെല്ലുവിളിക്കുന്നതാണ്‌. ഇക്കാര്യത്തിൽ ജില്ലയിലെ യുഡിഎഫ്‌ നേതൃത്വവും ലീഗും നിലപാട്‌ വ്യക്തമാക്കണം
ചരിത്രം വളച്ചൊടിച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വക്താക്കളായി മാറുകയാണ്‌ സമരങ്ങളിൽ പങ്കുപറ്റാത്തവർ. വന്ദേമാതരം പൂർണമായി പാടുന്നതിന്‌ സർക്കാർ ഉത്തരവ് വന്നിരിക്കുന്നതും നാം കാണണം. അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ ഒഴുക്കും എന്നു പറഞ്ഞവർ ഇപ്പോൾ പിഎംശ്രീ നടത്താൻ മുന്നിട്ടിറങ്ങുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം കുട്ടികളിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിതവും ബോധപൂർവവുമായ നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും വിവാദചോദ്യാവലിയിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനനടപടിയെടുക്കണമെന്നും എം. രാജഗോപാലൻ പറഞ്ഞു.
Reactions

Post a Comment

0 Comments