കാഞ്ഞങ്ങാട്:ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി വായിക്കാനത്തും മാലോത്ത് കാറ്റാം കവലയിലെ ഉന്നതിയിക്ക് സമീപവും ഉരുള്‍ പൊട്ടി. വായിക്കാനത്തെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആറ് കുടുംബങ്ങളെ പാലാവയല്‍ വില്ലേജിലെ തയ്യേനി ഗവ: ഹൈസ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. ചിറ്റാരിക്കാല്‍ വില്ലേജില്‍ കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കൊല്ലാടയിലെ നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി വെള്ളരിക്കുണ്ട് താഹ്സില്‍ദാര്‍ ബി.രാമു അറിയിച്ചു. ഉരുള്‍ പൊട്ടല്‍ ഉണ്ടായ വായിക്കാനത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമും
സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത് അധികൃതര്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തുണ്ട്.
കുമ്പള കോയിപ്പാടി, പള്ളിക്കര, ബേക്കല്‍ തീരങ്ങളില്‍ കടല്‍ക്ഷോഭമുണ്ടായി. കുമ്പള കോയിപ്പാടി കടപ്പുറത്തു കടല്‍ രൂക്ഷമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് നാല് കുടുബങ്ങളിലെ 22 പേരെ കുമ്പള സുനാമി ഷെല്‍ട്ടറിലേക്ക് മാറ്റി പാര്‍പ്പിച്ചതായി മഞ്ചേശ്വരം താഹ്സില്‍ദാര്‍ എല്‍.കെ സുബൈര്‍ അറിയിച്ചു. കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ ജില്ലകളിലെ തീരങ്ങളില്‍ ആഗസ്ത് ഒന്നിന് രാവിലെ 11.30 മുതല്‍ രാത്രി 08.30 വരെ 2.8 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് (കള്ളക്കടല്‍ പ്രതിഭാസത്തിന്) സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നേരത്തെ അറിയിച്ചു.
കാര്യങ്കോട് പുഴയില്‍ ഭീമനടി റിവര്‍ ഗേജില്‍ പയ്യന്നൂര്‍ ഹൈഡ്രോളജി സെക്ഷന്‍ അപകട മുന്നറിയിപ്പ് നല്‍കി. ഭീമനടിയില്‍ പുഴയുടെ വശങ്ങളിലായി താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെള്ളരിക്കുണ്ട് തഹ്സില്‍ദാര്‍ അറിയിച്ചു.
0 Comments