കാഞ്ഞങ്ങാട്: പിലാത്തറ മണ്ടൂരില്‍ ലോറിയിൽ മറ്റൊരു ലോറിയിടിച്ച് മരിച്ച എബിനേസര്‍ ആന്റോയുടെ മരണത്തോടെ നഷ്ടമായത് രണ്ട് അമ്മമാരുടെ ഏക മകനെ. വി.പി.വിനോദിനിയാണ് ജന്മം നല്‍കിയതെങ്കില്‍ സാമൂഹ്യപ്രവര്‍ത്തകയായ സിസ്ററർ ജയ ആന്റോ മംഗലത്താണ്എബിനേസറിനെ പഠിപ്പിച്ച് വളര്‍ത്തിയത്. രണ്ടുപേരെയും അമ്മയെന്നാണ് എബിനേസര്‍ വിളിച്ചിരുന്നത്. മാവുങ്കാല്‍ മൂലക്കണ്ടത്തെ കൃപാലയം വീട്ടിലാണ് രണ്ട് അമ്മമാർക്കും ഒപ്പം എബനേസര്‍ താമസിച്ചിരുന്നത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലും എയിംസ് ജനകീയ കൂട്ടായ്മയിലുമടക്കം സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് ജയ ആന്റോ. ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്യുന്ന ജോലിയായിരുന്നു വിനോദിനിക്ക്. ചെറുപ്പത്തില്‍ തന്നെ എബിനേസര്‍ അമ്മയെ ജോലിയില്‍ സഹായിക്കുമായിരുന്നു. മരുന്ന് വിതരണക്കാരനായും ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തു. ഐടിഐയില്‍ ഓട്ടോമൊബൈല്‍ ഡിപ്ലോമയെടുത്തശേഷം രണ്ടുവര്‍ഷം മുമ്പാണ് പെരിയാട്ടടുക്കത്തെ ഭാരത് ബെന്‍സ് ലോറി ഷോറൂമില്‍ മെക്കാനിക്കായി ജോലിയിൽ പ്രവേശിച്ചത്. കുടുംബത്തിന്റെ ഏക പ്രതീക്ഷയായ മകന്റെ ആകസ്മിക വിയോഗം ഈ അമ്മമാര്‍ക്ക് താങ്ങാനാവുന്നതിലും വലിയ ആഘാതമായി. പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം പൊതുദര്‍ശനത്തിനായി പെരിയാട്ടടുക്കം ഭാരത് ബെന്‍സ് ഷോറൂമില്‍ എത്തിച്ചു. പിന്നീട് കാഞ്ഞങ്ങാട് അപ്പോസ്തലറാണി പള്ളിയില്‍ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ സംസ്‌കാരം നടന്നു.
0 Comments