Ticker

6/recent/ticker-posts

അനധികൃത മദ്യശേഖരം റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

എറണാകുളം:ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലെ അന്വേഷണത്തിനിടെ അനധികൃത മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. എറണാകുളം കളമശേരിയിലെ ഓഫിസിൽ മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ അബ്കാരി നിയമപ്രകാരമാണ് എക്സൈസ് സംഘം  അറസ്റ്റ് ചെയ്തത്.
വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽനിന്ന് 63 ലിറ്റർ വിദേശമദ്യമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. എസ്.ഐ.ടി വിവരമറിയിച്ചതിനെത്തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി മദ്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരാൾക്ക് നിയമപരമായി കൈവശം വയ്ക്കാവുന്നതിലും അധികം അളവിലുള്ള മദ്യമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ വൈൻ എന്നിവക്ക് പുറമെ മറ്റൊരു മുറിയിൽനിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത വിദേശ മദ്യക്കുപ്പികളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് വാഹനങ്ങളിലായി കളമശേരിയിലെ റിപ്പോർട്ടർ ഓഫിസിലെത്തി അറസ്റ്റ് നടപടികൾ സ്വീകരിച്ചത്. അറസ്റ്റിനിടെ  നാടകീയ രംഗങ്ങളാണ് ഓഫിസിൽ അരങ്ങേറിയത്. എഫ്.ഐ.ആർ പകർപ്പ് കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന കർശന നിലപാടിലായിരുന്നു ആൻ്റോ അഗസ്റ്റിൻ. എക്സൈസ് ഉദ്യോഗസ്ഥർ സീഷർ മഹസർ വായിച്ചുകേൾപ്പിച്ചെങ്കിലും നടപടികളോട് സഹകരിച്ചില്ല. എഫ്.ഐ.ആറിൻ്റെ ഡിജിറ്റൽ പകർപ്പ് കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാർ എഫ്.ഐ.ആർ പകർപ്പുമായി എത്തിയ ശേഷമാണ് അറസ്റ്റിന് വഴങ്ങിയത്.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആൻ്റോ അഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി നിയമത്തിലെ 55 എ, 55 ഐ, 58 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 
വൈദ്യപരിശോധനക്ക് ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments