നീലേശ്വരം: ട്രെയിൻ മാർഗം കടത്തുകയായിരുന്ന വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വാണിജ്യ അളവിലുള്ള എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ നീലേശ്വരത്ത് പൊലീസിന്റെ പിടിയിലായത് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്. മംഗൽപാടി സോങ്കാൽ പ്രതാപ് നഗർ സ്വദേശികളായ അഹമ്മദ് റുക്ഷാദ് 33, അബ്ദുൾ ഹമീദ് 30എന്നിവരെയാണ് നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് വിപണിയിൽ ലക്ഷണങ്ങൾ വിലവരുന്ന 665.67 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
പൊലീസിന് ലഭിച്ച
രഹസ്യവിവരവും മിന്നൽ പരിശോധനയും
ഡൽഹിയിൽ നിന്ന് വരുന്ന മംഗള എക്സ്പ്രസ് ട്രെയിനിൽ നിരോധിത ലഹരിമരുന്നുമായി രണ്ടുപേർ എത്തുന്നുണ്ടെന്നും ഇവർ നീലേശ്വരത്ത് ഇറങ്ങാൻ സാധ്യതയുണ്ടെന്നും വ്യാഴാഴ്ച രാവിലെ നീലേശ്വരം സബ് ഇൻസ്പെക്ടർ സാബു സി.എമ്മിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസുകാരായ ഓമനക്കുട്ടൻ, ശ്രീജിത്ത്, വിനീഷ്, രമേശൻ എന്നിവരടങ്ങുന്ന സംഘം റെയിൽവേ സ്റ്റേഷനിൽ നിരീക്ഷണം ശക്തമാക്കി. 11:15-ഓടെ എത്തിയ ട്രെയിനിൽ നിന്നിറങ്ങി റോഡിലേക്ക് നടന്നുപോവുകയായിരുന്ന പ്രതികളെ സംശയം തോന്നി തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഹോസ്‌ദുർഗ്ഗ് ഇൻസ്പെക്ടർ ഷൈൻ കെ.പിയുടെ നേതൃത്വത്തിലായിരുന്നു തുടർ നടപടികൾ പൂർത്തിയാക്കിയത്.
ഒന്നാം പ്രതി റുക്ഷാദിന്റെ ബാഗിൽ ടി-ഷർട്ടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു 665.67 ഗ്രാം ലഹരിമരുന്ന്.
പണവും അനുബന്ധ ഉപകരണങ്ങളും റുക്ഷാദിന്റെ പക്കൽ ആയിരുന്നു. 28,530 രൂപ കണ്ടെടുത്തു. രണ്ടാം പ്രതി അബ്ദുൾ ഹമീദിന്റെ ബാഗിൽ നിന്ന് ലഹരി അളന്നുവിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഇലക്ട്രോണിക് തുലാസും ഗൂഗിൾ പേ സ്കാനർ കാർഡും കണ്ടെത്തി.
പ്രതികളുടെ മൊബൈൽ ഫോണുകൾ, പാസ്‌പോർട്ട്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ കസ്റ്റഡിയിലെടുത്തു.
പൊലീസിനെ വെട്ടിക്കാൻ നീക്കം
പഞ്ചാബിൽ നിന്നാണ് ഇവർ എം.ഡി.എം.എ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. കാസർകോട് സ്റ്റേഷനിൽ ഇറങ്ങാനായിരുന്നു പ്രാഥമിക പദ്ധതിയെങ്കിലും അവിടെ പ്ലാറ്റ്‌ഫോമിൽ പൊലീസിനെ കണ്ട് ഭയന്നതിനാലാണ് അടുത്ത സ്റ്റോപ്പായ നീലേശ്വരത്ത് ഇറങ്ങിയതെന്നും പ്രതികൾ വെളിപ്പെടുത്തി.
0 Comments