Ticker

6/recent/ticker-posts

സർക്കാർ വനത്തിലെ മ്ലാവ് വേട്ട: രണ്ട് പ്രതികൾക്കും മുൻകൂർ ജാമ്യമില്ല, കോടതിയുടെ ഉത്തരവ്

കാഞ്ഞങ്ങാട്: റിസർവ് വനത്തിൽ മ്ലാവിനെ വേട്ടയാടി മാംസം കൈവശം വച്ച കേസിൽ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ കരിക്കെ സ്വദേശികളായ എം.എ. സുബീർ 46, നൗഫൽ  37എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സെപ്റ്റംബർ 10ന് പുലർച്ചെ രണ്ടിന് വേട്ടസംഘം പനത്തടി റിസർവ് വനത്തിൽ പ്രവേശിച്ചതായ രഹസ്യവിവരത്തെ തുടർന്ന് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. കാട്ടൂർകൂപ്പ് ഭാഗത്ത് വനത്തിൽനിന്ന് പുറത്തേക്ക് വന്ന മൂന്ന് പേരെ കണ്ടപ്പോൾ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഒരാളെ വനപാലകർ പിടികൂടി. പിടിയിലായയാളിൽനിന്ന് നാടൻ തോക്കും ഒരു തിരയും രണ്ട് കത്തികളും രണ്ട് ടോർച്ചുകളും ഉൾപ്പെടെ ഏകദേശം 40 കിലോ മ്ലാവിന്റെ മാംസം പിടിച്ചെടുത്തു. പിടിയിലായ പ്രതിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളുടെ പേരുകൾ പുറത്തുവന്നതായും, പിടിച്ചെടുത്ത തോക്ക് ഉപയോഗിച്ചാണ് മ്ലാവിനെ വേട്ടയാടിയതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സമർപ്പിച്ച ബെയ്ൽ ഒബ്ജക്ഷൻ റിപ്പോർട്ട് പ്രകാരം പിടിച്ചെടുത്ത മാംസം, തോക്ക്, മറ്റ് വസ്തുക്കൾ എന്നിവ പ്രതികളുമായി ബന്ധിപ്പിക്കുന്ന നിർണായക തെളിവുകളായി നിലനിൽക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. വന്യജീവികൾക്കെതിരായ കുറ്റകൃത്യം ഗൗരവമുള്ളതാണെന്നും കോടതി വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കാനും കൂടുതൽ തൊണ്ടിമുതലുകൾ കണ്ടെത്താനും കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താനും പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്ന കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻ്റെ വാദം പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഉന്നയിച്ചു. മുൻകൂർ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളി. പ്രതികൾക്ക് വനവകുപ്പ് ഉദ്യോഗസ്ഥർക്കു മുമ്പാകെ കീഴടങ്ങാമെന്നും കീഴടങ്ങുന്ന പക്ഷം നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനമാകെ വന്യജീവി വാരാഘോഷം നടപ്പിലാക്കുന്ന ഈ വേളയിൽ വന്യജീവി സംരക്ഷണത്തിന് ശക്തമായ സന്ദേശം നൽകുന്നതാണു സെക്ഷൻ കോടതിയുടെ ഈ ഉത്തരവെന്ന് വനപാലകർ പറഞ്ഞു.

Reactions

Post a Comment

0 Comments