Ticker

6/recent/ticker-posts

നിർമ്മാണം പാതിവഴിയിൽ നിലച്ച റോഡിൽ പിക്കപ്പ് ജീപ്പിൻ്റെ മുൻഭാഗം ടയറുകൾ പൊങ്ങി, ബൈക്ക് മറിഞ്ഞു

കാഞ്ഞങ്ങാട്:നിർമ്മാണം പാതിവഴിയിൽ നിലച്ച റോഡിൽ പിക്കപ്പ് ജീപ്പിൻ്റെ മുൻഭാഗം ടയറുകൾ പൊങ്ങി. മോട്ടോർ
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. മരത്തടി കയറ്റിയ പിക്കപ്പ് തകർന്ന റോഡിൽ അപകടത്തിൽ പെടാതെ തലനാരിഴക്ക് രക്ഷപെടുകയായിരുന്നു. വാഹനത്തിൻ്റെ മുൻഭാഗം രണ്ട് ടയറുകളും പൊങ്ങിയ നിലയിലാണ് .
ബേഡകം ഉണുപ്പംകല്ല്–കുണ്ടൂച്ചി പായം റോഡ് നിർമാണം പാതിവഴിയിൽ നിലച്ചതാണ് അപകടത്തിനിടയാക്കുന്നതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
 റോഡിലെ ഇളകിയ മെറ്റലും കുഴികളും യാത്രക്കാരെ അപകടത്തിലാക്കുമ്പോൾ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാൻ അധികൃതർക്കായിട്ടില്ല. റോഡ് പണി വൈകുന്നതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2021-ൽ തുക അനുവദിച്ച റോഡിന്റെ നിർമാണം 2023-ലാണ് ആരംഭിച്ചത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തിയായിട്ടില്ല. ടാറിങ്ങിന് മുന്നോടിയായി മെറ്റൽ നിരത്തിയെങ്കിലും തുടർനിർമാണം മുന്നോട്ടുപോയില്ല. ഇതിനിടെ കരാർ കാലാവധി രണ്ടുതവണ നീട്ടിനൽകി.
2026 മാർച്ച് 31-നകം പണി പൂർത്തിയാക്കുമെന്നാണ് നിർവഹണച്ചുമതലയുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം അറിയിച്ചിരുന്നത്.  സമയപരിധി കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാത്തതിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്.
കരാർ കാലാവധി നീട്ടിയിട്ടും പണി പൂർത്തിയാക്കാനാകാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന ആവശ്യവും ഉയർന്നു.
റോഡിലെ മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്നത് ദുഷ്കരമായി. കാൽനടയാത്രക്കാരും സ്കൂൾ വാഹനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. വിദ്യാർഥികളുടെ യാത്രയെയും റോഡിന്റെ ശോച്യാവസ്ഥ  ബാധിക്കുന്നു. 
കുഴികളും നിർമാണാവശിഷ്ടങ്ങളും അപകടസാധ്യത വർധിപ്പിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനായി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ കരാറുകാരുടെയും എൻജിനീയറിങ് വിഭാഗത്തിന്റെയും യോഗം ചേർന്ന് നിർദേശങ്ങൾ നൽകിയിരുന്നു. തുടർന്ന് ഒരുതവണ റോളർ ഉപയോഗിച്ച് മെറ്റൽ ഉറപ്പിച്ചെങ്കിലും നിർമാണം പുനരാരംഭിച്ച് പൂർത്തിയാക്കാനുള്ള നടപടിയുണ്ടായില്ല.
നിർമാണം വൈകുന്നതിന്റെ ഉത്തരവാദിത്വം കരാറുകാരനും നിർവഹണച്ചുമതലയുള്ള ഉദ്യോഗസ്ഥരും വ്യക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 പണി പൂർത്തിയാക്കാനുള്ള കൃത്യമായ സമയപരിധി പ്രഖ്യാപിക്കുകയും നിർമാണം അടിയന്തരമായി പുനരാരംഭിക്കുകയും വേണം. ഇനിയും കാലതാമസം വരുത്താതെ റോഡ് ഗതാഗതയോഗ്യമാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.





Reactions

Post a Comment

0 Comments