കാസർകോട്: 74-കാരിയായ വയോധികയുടെ അണ്ഡാശയത്തിൽ വളർന്നിരുന്ന 11 കിലോയിലധികം ഭാരമുള്ള ഭീമാകാരമായ മുഴ കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. 31 സെന്റീമീറ്റർ നീളവും 28 സെന്റീമീറ്റർ വീതിയും അപൂർവ്വമായ രീതിയിൽ വളർന്ന മുഴയാണ് വിദഗ്ദ്ധ മെഡിക്കൽ സംഘം പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കുശേഷം രോഗി ആശങ്കാജനകമായ ഘട്ടം തരണം ചെയ്ത് സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
വയറിൽ കടുത്ത വീക്കവും അസ്വസ്ഥതകളുമായി ആശുപത്രിയിൽ എത്തിയ രോഗിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിലാണ് അണ്ഡാശയത്തിൽ ഖരരൂപത്തിൽ വളർന്ന സിസ്റ്റ് കണ്ടെത്തിയത്. അണ്ഡാശയത്തിൽ സാധാരണയായി 5 മുതൽ 10 സെന്റീമീറ്റർ വരെ വലുപ്പമുള്ള സിസ്റ്റുകളാണ് കണ്ടുവരാറുള്ളതെന്നിരിക്കെ 28 സെന്റീമീറ്ററോളം വിസ്തൃതിയുള്ള വലിയ മുഴകൾ മെഡിക്കൽ രംഗത്ത് തന്നെ അത്യപൂർവ്വമാണ്. സർജിക്കൽ ഓങ്കോളജി സീനിയർ കൺസൽട്ടന്റ് ഡോ. അരവിന്ദ് .എൻ, ഗൈനക്കോളജി സീനിയർ കൺസൽട്ടന്റ് ഡോ. വിദ്യ നമ്പ്യാർ സുരേഷ് ബാബു, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് അമീൻ, അനസ്തെറ്റിസ്റ്റ് ഡോ. ഋഥ്വിക് എസ്. നമ്പീശൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
രോഗിയുടെ പ്രായവും (74 വയസ്) മുഴയുടെ അസാധാരണമായ വലിപ്പവും ഭാരവുമാണ് ശസ്ത്രക്രിയയിൽ പ്രധാന വെല്ലുവിളിയുയർത്തിയത്. സർജിക്കൽ ഓങ്കോളജി, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളുടെ കൃത്യമായ ഏകോപനവും സമയോചിതമായ ഇടപെടലുമാണ് വലിയ അപകടസാധ്യതകൾ ഒഴിവാക്കി ശസ്ത്രക്രിയ പൂർണ വിജയത്തിലെത്തിക്കാൻ സഹായിച്ചത് എന്ന് സർജിക്കൽ ഓങ്കോളജി സീനിയർ കൺസൽട്ടന്റുമായ ഡോ. വിദ്യ നമ്പ്യാർ സുരേഷ് ബാബു പറഞ്ഞു.
ആരോഗ്യമേഖലയിൽ കാസർകോട് ജില്ല നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുക എന്നതാണ് കാസറഗോഡ് ആസ്റ്റർ മിംസ് ലക്ഷ്യമാക്കുന്നത്. സങ്കീർണവും അപൂർവ്വവുമായ ഇത്തരത്തിലുള്ള ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാൻ ആവശ്യമായ അത്യാധുനിക സർജിക്കൽ ഐ.സി.യു സംവിധാനങ്ങളും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും കാസർകോട് ആസ്റ്റർ മിംസിൽ സജ്ജമാണെന്ന് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
0 Comments