കാസർകോട്: പൊലീസിൻ്റെ ശക്തമായ പരിശോധന തുടരുന്നതിനിടെ രണ്ടിടങ്ങളിൽ നിന്നായി കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. തായലങ്ങാടി സ്വദേശിയും ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശിയുമാണ് പിടിയിലായത്.
സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച
തായലങ്ങാടി കെ.ഇ. വളപ്പിൽ വീട്ടിൽ അബ്ദുൽ ഖാദർ 56 ആണ് 69.510 ഗ്രാം കഞ്ചാവുമായി കാസർകോട് പോലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 9:10-ഓടെ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്.
നെല്ലിക്കുന്ന് ജങ്ഷൻ ഭാഗത്തുനിന്നും സ്കൂട്ടറിൽ വരികയായിരുന്നു. പൊലീസിനെ കണ്ടതോടെ പരിഭ്രാന്തനായി. ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിലെ സ്റ്റോറേജിൽ പോളിത്തീൻ കവറുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. മുൻപും കാസർകോട് സ്റ്റേഷനിൽ നിരവധി എൻ.ഡി.പി.എസ് കേസുകളുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തി കഞ്ചാവും കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സിനീഷ്, ജെയിംസ്, ഷാഡോ പൊലീസ് സംഘത്തിലെ വിഷ്ണു, ജിഷ്ണു, ശ്രീരാഗ്, റെജിൽ എന്നിവരും ഉണ്ടായിരുന്നു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 21 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ
മറ്റൊരു സംഭവത്തിൽ, കാസർകോട് റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ലോഡ്ജിന് സമീപത്ത് നിന്ന് 21.020 ഗ്രാം കഞ്ചാവുമായി ഉളിയത്തടുക്ക നാഷണൽ നഗറിലെ ഹുസൈനാർ 40 പിടിയിലായി. ചൊവ്വാഴ്ച വൈകുന്നേരം 4:15-ഓടെ തളങ്കര ഭാഗത്ത് സബ് ഇൻസ്പെക്ടർ മനുവിൻ്റെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തവേയാണ് സംഭവം.
ഫോർട്ട് ഇൻ ലോഡ്ജിന് സമീപം നിൽക്കുകയായിരുന്നു. പൊലീസ് വാഹനം കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു. തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
0 Comments