കാഞ്ഞങ്ങാട്: ചിറ്റാരിക്കാലിൽ നിന്ന് കാണാതായ ആളെ പയ്യന്നൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ കമ്പല്ലൂർ ഐക്കര ഷൈജു തോമസാണ് 52 മരിച്ചത്.
കഴിഞ്ഞ 6ന് രാവിലെ 9:30ഓടെ ഭാര്യ ടി.ജെ. ഷൈനിയെ കാറിൽ ചെറുപുഴയിലെ ഷോപ്പിൽ കൊണ്ടുവിട്ട ശേഷം മടങ്ങിയതായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ഷൈജുവിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ഭാര്യ നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയിലാണ് പയ്യന്നൂർ കണ്ടങ്കാളിയിൽ വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 7:45ഓടെ ഭാവ്നഗർ - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിനിന്റെ ലോക്കോ പൈലറ്റ് പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയും, തുടർന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments