Ticker

6/recent/ticker-posts

കണ്ണ് കെട്ടി കാഞ്ഞങ്ങാട് നഗരത്തിലൂടെ 20 മജീഷ്യൻമാരുടെ ബൈക്ക് ഓട്ടം

കാഞ്ഞങ്ങാട്: മയക്കുമരുന്ന് എന്ന വിപത്തിനെതിരെ കേരള പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട്ട് 20 മജീഷ്യൻ മാരുടെ കണ്ണ് കെട്ടിയുള്ള ഇരു ചക്രവാഹന ഓട്ടം. മലയാളി മജീഷ്യൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷനും, കേരള പൊലീസും സംയുക്തമായി സംഘടിപ്പിച്ച 'കണ്ണ്മൂടിക്കെട്ടിയുള്ള വാഹന റാലി മൂന്കിലോ മീറ്ററുകളോളം നടന്നു. ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ട്രഷറർ സുധീർ മാടകത്ത് അവതരിപ്പിച്ച ലഹരിവിരുദ്ധ മാജിക് ഷോയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ് ഉദ്ഘാടനം ചെയ്തു. എം.എം.എ ജില്ലാ പ്രസിഡന്റ് മോഹനൻ അനാമിക സ്വാഗതം ആശംസിച്ചു. കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി. കെ. ആസിഫ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.വി. അനിൽ കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ കോർഡിനേറ്റർ സി. പ്രഭാകരൻ പരിപാടികൾക്ക് നേതൃത്വം നൽകി. എം.എം.എ ജില്ലാ സെക്രട്ടറി ഉസ്മാൻ പാടലടുക്ക നന്ദി രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുടെയും നൂറുകണക്കിന് പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ കണ്ണുകൾ പൂർണ്ണമായും കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയാണ് 20 പ്രൊഫഷണൽ മജീഷ്യന്മാർ വാഹനങ്ങൾ ഓടിച്ചത്. ലഹരി ഉപയോഗിക്കുന്നത് കണ്ണുമൂടിക്കെട്ടി അപകടത്തിലേക്ക് വാഹനമോടിക്കുന്നതിന് തുല്യമാണ് എന്ന ശക്തമായ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു യാത്ര. മോഹനൻ അനാമിക, സുധീർ മാടകത്ത്, സി. പ്രഭാകരൻ, രാജീവൻ ഓലവറ, നവീൻ നാരായൺ, സുരേഷ് കുമാർ, മിറാക്കിൾ സിദ്ധാർത്ഥ്, കാർത്തിക് , രാജീവൻ ചെല്ലൻ, രാജൻ പ്രസാദ്, രാജു പടന്ന, ജയൻ നീലേശ്വരം, ബാബു കല്ല്യോട്ട്, ഹൃദയ്ദേവ്, ശിവരാജ്, ശ്രീധർ മട്ടെ, കുഞ്ഞികൃഷ്ണൻ, നാരായണൻ അണച്ചാൽ, ഉസ്മാൻ പാടലടുക്ക, സത്യകുമാർ പടിച്ചാൽ എന്നിവരാണ് സാഹസിക യാത്രയിൽ അണിനിരന്നത്. പഴയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലിക്ക് വൻ ജനപങ്കാളിത്തവും ആവേശകരമായ സ്വീകരണവുമാണ് നഗരവീഥികളിൽ ലഭിച്ചത്. വ്യാപാരി സമൂഹത്തിന്റെയും പൊലീസിന്റെയും പൂർണ സഹകരണത്തോടെ മുന്നേറിയ റാലി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.





Reactions

Post a Comment

0 Comments