കാഞ്ഞങ്ങാട്
മുനിസിപ്പാലിറ്റി പരിധിയിലുള്ള വിജിഎം മൾട്ടി പ്ലസ്, ദീപ്തി സിനിമാ തിയേറ്ററുകളിലും വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ കാസർകോട് യൂണിറ്റ് ഇന്ന് സംയുക്ത മിന്നൽ പരിശോധന നടത്തുകയായിരുന്നു. വിനോദ നികുതി പിരിച്ചെടുക്കുന്നതിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തി.
തിയേറ്ററുകളിൽ വിൽക്കുന്ന ഓരോ ടിക്കറ്റിന്റെയും നിശ്ചിത ശതമാനം വിനോദ നികുതിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്. എന്നാൽ സിനിമാ തിയേറ്റർ മാനേജ്മെന്റ് 2025 നവംബർ മാസം മുതൽ നാളിതുവരെ മുനിസിപ്പാലിറ്റിയിലേക്ക് അടയ്ക്കേണ്ട വിനോദ നികുതി അടച്ചിട്ടില്ലാത്തതായി രേഖകളുടെ പരിശോധനയിൽ വ്യക്തമായി. ദീപ്തി തിയേറ്ററിലെ ടിക്കറ്റ് വിൽപ്പന കണക്കുകളും നികുതി അടവ് രേഖകളും വിജിലൻസ് സംഘം വിശദമായി പരിശോധിച്ചു.
തിയേറ്ററുകളിലെ പ്രതിമാസ ടിക്കറ്റ് വിൽപ്പനയും കണക്കുകളും കൃത്യമായി പരിശോധിക്കുന്നതിലും, കുടിശ്ശികയായ വിനോദ നികുതി പിരിച്ചെടുത്ത് സർക്കാരിലേക്ക് ഒടുക്കുന്നതിലും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി.
വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ കാസർകോട് യൂണിറ്റ് ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ എ.എസ്.ഐമാരായ റിജേഷ്, സന്തോഷ്, രാജേഷ്, ശ്രീജിത്ത് എന്നിവരും സംസ്ഥാന ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. തിയേറ്ററുകളിലെ ബില്ലിംഗ് സോഫ്റ്റ്വെയർ, ഓൺലൈൻ ബുക്കിംഗ് വിവരങ്ങൾ, ജി.എസ്.ടി റിട്ടേണുകൾ എന്നിവ വിജിലൻസ് സംഘം ശേഖരിച്ചു.
കുടിശ്ശികയായ നികുതി തുക പിഴ സഹിതം തിട്ടപ്പെടുത്തി ഈടാക്കുന്നതിലേക്കും മുനിസിപ്പാലിറ്റി അധികൃതരുടെ വീഴ്ചയിൽ തുടർനടപടിക്കായും വിജിലൻസ് ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കാസർകോട് വിജിലൻസ് യൂണിറ്റ് അറിയിച്ചു.
0 Comments