കാഞ്ഞങ്ങാട്
അതിർത്തി തർക്ക സ്ഥലം സന്ദർശിക്കാനെത്തിയ കോടതി കമ്മീഷണൻ ഉൾപ്പെടെയുള്ളവരെ അക്രമിച്ചു. യുവതിയെ വെട്ടി പരുക്കേൽപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പുല്ലൂരിലാണ് സംഭവം. സഹോദരൻമാർ തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്നാണ് ഹൊസ്ദുർഗ് മുൻസിഫ് കോടതി കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻസന്ദർശനത്തിനിടയിലാണ് പുല്ലൂർ വില്ലേജ് ഓഫീസ് സമീപത്തെ കണ്ണൻ്റെ ഭാര്യ സുശീല (40) യ്ക്ക് വെട്ടേറ്റത്. അഭിഭാഷക കമ്മീഷനായ അഡ്വ. പി എസ് ജുനൈദ്, അന്യായ ഭാഗം അഭിഭാഷകനായ ഷാജിദ് കമ്മാടം എന്നിവരെയാണ് വടികൊണ്ടടിച്ച് സാരമായിപരുക്കേൽപ്പിച്ചത്. മഴുകൊണ്ട് വെട്ടേറ്റ സുശീലയെ ജില്ലാ ആശുപത്രിയിലും അഭിഭാഷകരെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.പുല്ലൂരിലെകുമാരനാണ് അക്രമം കാട്ടിയത്. കുമാരനും സഹോദരൻ കണ്ണനും തമ്മിൽ വർഷങ്ങളായി സ്വത്ത് തർക്കത്തിലാണ്. കേസിൻ്റെ. വിചാരണയ്ക്കിടയിലാണ് കോടതി കമ്മീഷനെ നിയമിച്ചത്. സ്ഥലം പരിശോധിക്കുന്നതിനിടയിൽ കണ്ണൻ പരാക്രമം കാട്ടുകയാ യിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനിടയിലാണ് മഴുകൊണ്ട് സുശീലയെ വെട്ടിയത്. വിവരരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കുമാരൻ പ്രകോപിതനായതിനാൽ കസ്റ്റഡിയിലെടുക്കുവാൻ കഴിഞ്ഞില്ല. അമ്പലത്തറ എസ്.ഐ.മധുസൂദനൻ മൊഴിയെടുത്തു.പ്രതിക്കെതിരെ രണ്ട് വധശ്രമക്കേസുകൾ റജിസ്റ്റർ ചെയ്തു. സംഭവത്തിൽ കേരള ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡൻ്റ് അഡ്വ എം. ടി. പി കരീം, ജനറൽ സെക്രട്ടറി അഡ്വ. പി. എ ഫൈസൽ എന്നിവർ പ്രതിഷേധിച്ചു.
കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
0 Comments