പരപ്പ: പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു.
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയില്‍ നിന്നുമാണ് കഴിഞ്ഞദിവസം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി നേരിട്ട് മരണമൊഴി യെടുത്തത്. രണ്ടുവര്‍ഷം മുമ്പ് പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവത്തില്‍ പരപ്പയിലെ യുവാവിനെ തിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി മൊബൈല്‍ഫോണിലെ സിം ഊരിയെടുത്ത് നശിപ്പിച്ചിരുന്നുവത്രെ. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടി എലിവിഷം കഴിച്ചത്.
ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെ തുടര്‍ന്നാണ് കേസന്വേഷിക്കുന്ന വെള്ളരിക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ഒ.സിബിയുടെ അപേക്ഷയെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയില്‍ നിന്നും നേരിട്ട് മൊഴിയെടുത്തത്.
പെണ്‍കുട്ടി പ്ലസ്‌വണ്ണിന് പഠിക്കുന്ന സമയത്താണ് യുവാവ് പ്രണയംനടിച്ച് പെണ്‍കുട്ടിയെ പാട്ടിലാക്കിയത്. പിന്നീട് പലതവണകളിലായി പീഡനത്തിന് ഇരയാക്കി. ആളില്ലാത്ത സമയത്ത് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയും പീഡനത്തിനിരയാക്കിയിരുന്നുവത്രെ. വിഷം കഴിച്ച് ആശുപത്രിയില്‍ കഴിയുമ്പോള്‍ വെള്ളരിക്കുണ്ട് പോലീസ് മൊഴി രേഖപ്പെടുത്തുമ്പോഴാണ് രണ്ടുവര്‍ഷം മുമ്പ് മുതല്‍ നടന്ന പീഡനവിവരം പോലീസിനോട് വെളിപ്പെടുത്തിയത്. വെള്ളരിക്കുണ്ട് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
0 Comments