തച്ചങ്ങാട്: സാങ്കേതിക വിദ്യയും ഡിജിറ്റൽ വായനയും ഏറി വരുന്ന കാലത്ത് ഗ്രാമീണ വായനയ്ക്കായി പുസ്തകക്കൂട് ഒരുക്കി തച്ചങ്ങാട്ടെ കുട്ടി പോലീസ് വ്യത്യസ്തമായൊരു പാത സ്വീകരിക്കുകയാണ്. ഗ്രാമത്തിന്റെ പല പല ഭാഗങ്ങളിലുള്ള ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ പുസ്തകക്കൂട് സ്ഥാപിച്ച് കഥകളും കവിതകളും പൊതു വിജ്ഞാനങ്ങളുമടങ്ങുന്ന ചെറു പുസ്തകങ്ങൾ സജ്ജീകരിക്കുകയാണ് പദ്ധതിയുടെ പ്രത്യേകത.ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മോഹനൻ എം പുസ്തകക്കൂട് നാടിന് സമർപ്പിച്ചു.
ജനമൈത്രി പോലീസ് സി.പി. ഒ മനോജ് കുമാർ എം പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ഗാർഡിയൻ പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാർ എന്നിവർ സംസാരിച്ചു സ്കൂളിലെ 144 കേഡറ്റുകൾ , രക്ഷിതാക്കർ, നാട്ടുകാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായി. യാത്രയ്ക്കായി കാത്തിരിപ്പുകേന്ദ്രത്തിലെത്തുന്നവരെയും കവലകളിൽ കൂട്ടുചേരാനെത്തുന്നവരെയും വായനയിലേക്കടുപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് പിറകിൽ . ഏത് ഇടവും വായനയ്ക്ക് എന്നതാണ് ഈ പദ്ധതിയുടെ സന്ദേശം. മരത്തിലും ഗ്ലാസ്സിലുമായി പണിതീർത്ത കൊച്ചു കൂടുകളാണ് വ്യത്യസ്തമേഖലകളിലെ ബസ്സ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ തയ്യാറാക്കി വയ്ക്കുന്നത്. ആവശ്യക്കാർക്ക് ഏത് സമയത്തും പുസ്തകമെടുത്ത് വായിച്ചതിനു ശേഷം പുസ്തകക്കൂടിൽ തിരികെ വയ്ക്കാം.വായനാനുഭവങ്ങളും പദ്ധതിയുടെ പ്രത്യേകതകളും രേഖപ്പെടുത്തുന്നതിനായി നോട്ടുബുക്കും പുസ്തകക്കൂടിനൊപ്പം ഉണ്ടാവും. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സൂപ്പർ സീനിയർ കേഡറ്റായ അരുണിമചന്ദ്രന്റെ രക്ഷിതാക്കളായ ചന്ദ്രനും വിജിഷചന്ദ്രനുമാണ് മരത്തിൽ പണിതീർത്ത പുസ്തകക്കൂട് തയ്യാറാക്കി എസ്.പി.സി ക്ക് നൽകിയത്. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ.സുനിൽകുമാർ കോറോത്ത്, ഗാർഡിയൻ പി.ടി.എ പ്രസിഡന്റ് ജിതേന്ദ്രകുമാർ , അഭിലാഷ് രാമൻ പുസ്തകക്കൂടിന് നേതൃത്വം നൽകി.
0 Comments