ഇന്ത്യയുടെ സൗഹൃദം ബഹുസ്വരതയെന്ന് ഉണ്ണിത്താന്‍ എംപി;
യോജിക്കുന്നവരും വിയോജിക്കുന്നവരും തമ്മിലാകണം യഥാര്‍ത്ഥ സൗഹൃദമെന്ന്: കെ.ഇ.എന്‍
കാഞ്ഞങ്ങാട്: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കാഞ്ഞങ്ങാട് സൗഹൃദവേദി ബലിപെരുന്നാളിനോടനുബന്ധിച്ച് വ്യാപാരഭവനില്‍ സംഘടിപ്പിച്ച സൗഹൃദസംഗമം പ്രൗഢവും ഹൃദ്യവുമായി. ഭഗവത് ഗീതയും ഖുര്‍ആനും ബൈബിളും അനുശാസിക്കുന്ന സ്‌നേഹവും സൗഹൃദവും ബഹുസ്വരതയുടേതാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.
യാന്ത്രിക ജീവിതം നയിക്കുന്ന പുതിയകാലത്ത് ബന്ധങ്ങളിലെ കാപട്യം തിരിച്ചറിഞ്ഞ് ശിഥിലമായ സൗഹൃദബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ സൗഹൃദ സംഗമങ്ങളിലൂടെ സാധ്യമാകുമെന്നും നിലവിലെ ഇന്ത്യയുടെ ഭരണഘടന നിലനില്‍ക്കുന്നിടത്തോളം കാലം രാജ്യത്ത് ബഹുസ്വരത നിലനില്‍ക്കുമെന്നും എംപി പറഞ്ഞു.
യോജിക്കുന്നവരും വിയോജിക്കുന്നവരും തമ്മിലുള്ള സ്‌നേഹബന്ധമാണ് യഥാര്‍ത്ഥ സൗഹൃദമെന്നും വിയോജിപ്പ് അപരാധമല്ലെന്നും സംവാദങ്ങള്‍ സൗഹൃദം ശക്തിപ്പെടുത്തുമെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. മുഖ്യധാരയെന്നൊന്നില്ല, എല്ലാ ധാരകളും ഒന്നിക്കുമ്പോഴാണ് ബഹുസ്വരത ഉണ്ടാകുന്നത്. നിരവധി ഭാഷകളുടെയും അഭിരുചികളുടെയും സമന്വയമാണ് ഭാരത സംസ്‌കാരം. അവ മാറ്റി മറിക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം അതീവ ജാഗ്രത പുലര്‍ത്തണമെന്നും കെ.ഇ.എന്‍ പറഞ്ഞു.
വേദി ചെയര്‍മാന്‍ അഡ്വ.പി.നാരായണന്‍ അധ്യക്ഷത വഹിച്ചു. വി.എന്‍.ഹാരിസ് ബലി പെരുന്നാള്‍ സന്ദേശം നല്‍കി. വേദി ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം സ്വാഗതവും ബി.എം.മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു. രാഷ്ട്രീയ മത സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ളവര്‍ സംഗമത്തില്‍ പങ്കാളികളായി.
പടം: (1) സൗഹൃദവേദി നടത്തിയ ബലിപെരുന്നാള്‍ സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു
0 Comments