Ticker

6/recent/ticker-posts

മാണിക്കോത്ത് റെയിൽവെ മേൽപ്പാലം ജനകീയ കമ്മിറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട്:   മാണിക്കോത്ത് റെയിൽവെ മേൽപ്പാലം ജനകീയ കമ്മിറ്റി മാണിക്കോത്ത് എം വി എസ് ഓഡിറ്റോറിയത്തിൽ  നടന്നു. യോഗത്തിൽ കമ്മിറ്റിരൂപീകരിച്ചു.  കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖാൻ ഉദ്ഘാടനം ചെയ്തു.
              മാണിക്കോത്ത് റെയിൽവെ മേൽപ്പാലം  അനുവദിക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. അജാനൂർ ഗ്രാമ പഞ്ചായത്തിലെ തീരദേശ വാർഡുകളായ 15, 16, 17, 18, 19 ,20 വാർഡുകളിലെ ജനങ്ങൾ വലിയ യാത്ര ക്ലേശമാണ് അനുഭവിക്കുന്നത്. പതിനായിരത്തിലധികം ആളുകൾ താമസിക്കുന്ന പ്രദേശത്ത് ആവശ്യമായ യാത്ര സൗകര്യത്തിന്റെ അപര്യാപ്ത നിലനിൽക്കുന്നു. ഈ മേഖലയിലെ ജനങ്ങൾ ടൗണുമായി ബന്ധപ്പെടാൻ  തുളുച്ചേരി - അഴിത്തല റോഡിനെയാണ് ആശ്രയിക്കുന്നത്. അതുവഴിയാണെങ്കിൽ  ഇഖ്ബാൽ - റെയിൽവെ ഗേറ്റ് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. കോട്ടച്ചേരി മേൽപ്പാലം യാഥാർത്ഥ്യമായെങ്കിലും പഞ്ചായത്തിലെ തീരദേശവാസികൾക്ക് പ്രയോജനമാവുന്നുമില്ല. പൊയ്യക്കരയിൽ താമസിക്കുന്ന ഒരാൾക്ക് ആശുപത്രിയിൽ പോകണമെങ്കിൽ കിലോമീറ്ററോളം ചുറ്റി പോകേണ്ട അവസ്ഥയാണ് ഉള്ളത്.  കാസർഗോഡ് ഭാഗത്തേക്ക് പോകണമെങ്കിൽ റോഡ് മാർഗ്ഗം 15 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്.
                     പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ മാണിക്കോത്ത് റെയിൽവെ മേൽപ്പാലം അത്യാവശ്യമാണ്. കൂടാതെ നിർദ്ദിഷ്ട അജാനൂർ മത്സ്യബന്ധന തുറമുഖത്തിലേക്ക് ടൗൺ സ്പർശിക്കാതെ എളുപ്പത്തിൽ പോകണമെങ്കിലും  മേൽപ്പാലം യാഥാർത്ഥ്യമാകണം. മാത്രവുമല്ല തീരദേശ ഹൈവേ വരാൻ പോകുന്നത് അജാനൂർ കടപ്പുറം - കൊത്തിക്കാൽ - ചിത്താരി കടപ്പുറം വഴിയാണ്. പ്രസ്തുത റോഡിനെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കാനും മാണിക്കോത്ത് മേൽപ്പാലം വന്നാൽ സാധിക്കും. പ്രസിദ്ധമായ ആരാധനാലയങ്ങൾ കൂടി ഉൾപ്പെടുന്ന പ്രദേശമായതു കൊണ്ട് തന്നെ ആയിരകണക്കിന് ആളുകളാണ് ഈ പ്രദേശത്ത് എത്തുന്നത്. അതുകൊണ്ട് തന്നെ പ്രസ്തുത പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും നാടിന്റെ വികസനം മുൻ നിർത്തിയും മേൽപ്പാലം അത്യാവശ്യമാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കി  അജാനൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി  പ്രമേയം പാസാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ മുഖാന്തരം സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം ) സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. 
          മേൽപ്പാലം അനുവദിക്കാൻ ആവശ്യമായ ഇടപെടൽ കാര്യക്ഷമമാക്കാനും മേൽപ്പാലം യാഥാർത്യമാക്കാനും ജനകീയ ഇടപെടൽ അനിവാര്യമാണ്. അതിന്റെ ഭാഗമായിട്ടാണ് ജനകീയ കമ്മിറ്റി രൂപീകരിച്ചത്. യോഗത്തിൽ അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു. കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ, കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ , വിവിധ രാഷ്ട്രീയ പാർട്ടിയിലെ മുതിർന്ന നേതാക്കൾ എന്നിവർ രാക്ഷാധികാരികളായി 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.

ചെയർമാൻ : ബേബി ബാലകൃഷ്ണൻ       (പ്രസിഡന്റ്, കാസർഗോഡ് ജില്ല പഞ്ചായത്ത്)

വർക്കിംഗ് ചെയർമാൻ : ടി ശോഭ                   ( പ്രസിഡന്റ്, അജാനൂർ ഗ്രാമ പഞ്ചായത്ത്)

ജനറൽ കൺവീനർ : കെ സബീഷ് 
(വൈസ് പ്രസിഡന്റ്, അജാനൂർ ഗ്രാമ പഞ്ചായത്ത് )
Reactions

Post a Comment

0 Comments