കാഞ്ഞങ്ങാട് :ഇന്നലെ പെയ്ത അതിശക്തമായ മഴയിൽ ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം .നിരവധി വീടുകൾ തകർന്നു . ഒട്ടേറെ വീടുകൾക്ക് മേലും സമീപത്തുമായി മണ്ണിടിഞ്ഞുവീണു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മരം കടപുഴകിയും കിണർ താഴ്ന്നും അപകടങ്ങളുണ്ടായി. വലിയപറമ്പയിലെ അബ്ദുറസാക്കിന്റെ എട്ട് തെങ്ങുകൾ കടലെടുത്തു. പടന്നയിലെ പാറുവിന്റെ കിണർ താണു .പിലിക്കോട് സ്വദേശിനി വിമലയുടെ വീട് ഒരു ഭാഗം ഇടിഞ്ഞുവീണു. അടുക്കള ഭാഗം തകർന്നു . തീയർ പാലം കണിച്ചിറയിലെ റോഡിന് കുറുകെയുള്ള പാലത്തിൽ വെള്ളം കയറിയത് . ഇതുമൂലം ഗതാഗതം സ്തംഭിച്ചു. ഇവിടെ തോട് കരകവിഞ്ഞൊഴുകുകയാണ് .പരപ്പയിലെ അജ്മൽ ഖാന്റെ കടയുടെ മുകളിൽ തെങ്ങ് കടപുഴകി വീണു .ബളാലിലെ സുരേഷ്, പരപ്പയിലെ സുബൈർ , സതിലാൽ എന്നിവരുടെ വീട് മഴയിൽ ഭാഗികമായി തകർന്നു . കൊടക്കാട് പടിഞ്ഞാറിലെ ബാലകൃഷ്ണന്റെ കിണർ താഴ്ന്നു . കോട്ടിക്കുളത്തെ ലക്ഷ്മണന്റെ വീട്ടുമുറ്റത്തെ കിണറും താണു. യശോദയുടെ വീടിനു മുകളിൽ റബ്ബർ മരം വീണ് വീട് ഭാഗികമായി തകർന്നു . പെരിയ ആയംകടവിലെ രാമന്റെ വീടിനു മുകളിൽ കല്ലു വീണ് വീട് ഭാഗികമായി തകർന്നു. ചെറുവത്തൂരിലെ കെ. പി .രാമന്റെ വീടും ഭാഗ്യവുമായി തകർന്നിട്ടുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി ഉണ്ടായത് .ഭീമനടിയിലെ കെ. വി. ബിജുവിന്റെ വീട് തെങ്ങ് വീണ് തകർന്നു. പരപ്പയിലെ മനോജിന്റെ വീടും പ്ലാവ് വീണു തകർന്നു . മാലോംചുള്ളിയിലെ കാവേരിയേയും കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചു .14 പേരെയാണ് ഈ ഭാഗത്ത് നിന്നും മാറ്റിപ്പാർപ്പിച്ചത്. വെള്ളരിക്കുണ്ട് താലൂക്കിൽ 14 സ്ഥലത്ത് വീടിനോട് ചേർന്ന് ഉള്ള സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് നാശനഷ്ടം ഉണ്ടായി. കിനാനൂരിലെ ഒരു വീട്ടിൽ വെള്ളം കയറി. ഇവിടെ അഞ്ചു പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഒരു കുടുംബത്തെ കിനാനൂർ എൽ.പി. സ്കൂളിലെ ക്യാമ്പിലേക്കാണ് മാറ്റിയതെന്ന് താലൂക്ക് അധികൃതർ അറിയിച്ചു. മറ്റുള്ളവർ ബന്ധു വീട്ടിലേക്കാണ് മാറ്റിയത്.
കൊന്നക്കാട്, ചിറ്റാരിക്കാൽ, ബളാന്തോട് ,ഭീമനടി ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗതം താറുമാറായി. പിന്നീട് ഗതാഗതം പുന: സ്ഥാപിച്ചു തഹസിൽദാർമാർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകി. വില്ലേജ് ഓഫീസറും പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികൾ ഉൾപ്പെടെ മഴക്കെടുതി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു വരുന്നുണ്ട് .പലഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നും മുൻകരുതൽ നടപടികൾ ഊർജ്ജിതമായി തുടരുന്നു .
ശക്ക് തമായ മഴ: കൊല്ലമ്പാറയിൽ വീട് തകർന്നു
കരിന്തളം: ശക്ക് തമായി തുടരുന്ന മഴയിൽ കൊല്ലമ്പാറ - പയ്യം കുളത്തെ കെ.വി.രാഘവന്റെ ഓട് മേഞ്ഞ വീട് പൂർണ്ണമായും തകർന്നു. ശബ്ദം കേട്ടപ്പോൾ തന്നെ രാഘവന്റെ മകൻ രാഗേഷും ഭാര്യ ജ്യോതിയും പുറത്തേക്ക് ഓടിയതിനാൽ അപകടം പറ്റിയില്ല. രാഘവൻ പുറത്തായിരുന്നു. ഭാര്യ സൗദാമിനി ജോലിക്ക് കൊല്ലമ്പാറ ദിനേശ് ബീഡി കമ്പനിയിൽ പോയിരുന്നു. അതുകൊണ്ടാണ് ആർക്കും അപകടം സംഭവിക്കാതിരുന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു
0 Comments