അബുദാബി: 52-മത് യുഎഇ ഐക്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തിനും ഭരണാധികാരികൾക്കും അഭിവാദ്യമർപ്പിച്ച് അബുദാബി കെ.എം.സി.സി സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിന് പ്രവാസികൾ പങ്കെടുത്തു. യുഎഇ യുടെ ചതുർവർണ കൊടിയേന്തിയും ഷാളണിഞ്ഞും തൊപ്പിയും ധരിച്ച് വർണാഭമായ മറ്റൊരു നിറമുള്ള തീരം അബുദാബിയുടെ വിശാലമായ കോർണിഷിൽ കെഎംസിസി ഒരുക്കി.
ഇന്തോ-അറബ് കലാ പരിപാടികളും, ബാന്റ് മേളവും,കൊൽക്കളി, ഉൾപ്പെടെ കലാപരിപാടികളും വാക്കത്തോണ് മാറ്റു കൂട്ടി. തൂവെള്ള വസ്ത്രമണിഞ്ഞെത്തിയ കെഎംസിസി പ്രവർത്തകരും, തദ്ദേശീയ വേഷം അണിഞ്ഞ വിദ്യാർത്ഥി, വിദ്യാർത്ഥിനികളും സ്ത്രീകളും വിവിധ ജില്ലകളുടെ ബാനറിനു കീഴിൽ അണിനിരന്നു. പോറ്റമ്മ നാടായ യുഎഇ എന്ന രാജ്യത്തോട് പ്രവാസി സമൂഹത്തിനുള്ള നന്ദിയും കടപ്പാടും വിളിച്ചോതുന്ന സംഗമം കൂടിയായി കെഎംസിസി സംഘടിപ്പിച്ച വാക്കത്തോൺ.
അബുദാബി കോർണിഷും പരിസരവും യുഎഇ ദേശീയ പതാക ഏന്തിയ കെഎംസിസി പ്രവർത്തകരെ കൊണ്ട് നിറഞ്ഞപ്പോൾ കാഴ്ചക്കാരായ സ്വദേശികൾക്കും വിദേശികൾക്കും പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കും അതൊരു നയന മനോഹരമുളള കാഴ്ചയായി മാറി.
ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രസിഡണ്ട് ബാവാ ഹാജി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി യുസുഫ് സി. എച്ച് എന്നിവർക്ക് റാലിയുടെ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സെന്റർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ വി മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുള്ള, ഇബ്രാഹിം ബഷീർ എന്നിവർ സന്നിഹിതരായിരുന്നു.
0 Comments