Ticker

6/recent/ticker-posts

മൂന്നാം സീറ്റ് കോൺഗ്രസ് - മുസ്ലീം ലീഗ് ചർച്ച പൂർത്തിയായി തീരുമാനം പുറത്ത് വിട്ടില്ല

എറണാകുളം : കൊച്ചിയിൽ മുസ്‌ലിം ലീഗ് കോൺഗ്രസ് ഉഭയകക്ഷി ചർച്ച പൂർത്തിയായി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന മുസ്‌ലിം ലീഗിൻ്റെ ആവശ്യത്തെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് യോഗം നടന്നത്. യോഗത്തിൽ ഉണ്ടായ തീരുമാനം പുറത്ത് വിടാൻ മുസ്ലിം ലീഗ്നേതാക്കൾ തയാറായില്ല.

എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചർച്ചകഴിഞ്ഞ് ഇറങ്ങിയ ലീഗ് നേതാക്കളോട് മാധ്യമ പ്രവർത്തകർ തീരുമാനം ചോദിച്ചപ്പോഴാണ് തീരുമാനം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് അറിയിച്ചത്. പി.കെ.കുഞ്ഞാലിക്കുട്ടി,

കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവര്‍ ഉൾപ്പടെ ഇരുപാർട്ടികളുടെയും പ്രമുഖ നേതാക്കൾ പങ്കെടുത്തു.

 മൂന്ന് സീറ്റ് വേണമെന്ന ലീഗിന്‍റെ ആവശ്യമാണ് പ്രധാനമായും ചർച്ചയായത്. ഘടകകക്ഷികളായ കേരള കോൺഗ്രസും ആർഎസ്‌പിയും അവരുടെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മൂന്നാം സീറ്റ് എന്ന ലീഗിന്‍റെ ആവശ്യത്തെ തുടർന്നാണ് കോൺഗ്രസിന്‍റെയും മുസ്‌ലിം ലീഗിന്‍റെയും സ്ഥാനാർത്ഥിനിർണയ ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത്. രാഹുൽ ഗാന്ധി ഇല്ലെങ്കിൽ വയനാടോ, അല്ലെങ്കിൽ കണ്ണൂർ സീറ്റോ നൽകണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെടുന്നത്.

മൂന്നാം സീറ്റെന്ന ആവശ്യത്തിന് അർഹതയുണ്ടെന്നും,എല്ലാ കാലങ്ങളിലും രണ്ട് സീറ്റിൽ മാത്രം ഒതുങ്ങി നിൽക്കാൻ കഴിയില്ലെന്നുമാണ് ലീഗ് വ്യക്തമാക്കുന്നത്. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുമെന്ന കടുത്ത നിലപാടിലേക്ക് ലീഗ് നീങ്ങുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. മറ്റന്നാൾ നടക്കുന്ന ലീഗ് യോഗത്തിന് ശേഷം തീരുമാനം പറയാമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്സഭ സീറ്റ് നൽകാതെ രാജ്യസഭ സീറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തെന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല തങ്ങളുടെ മുഖം കണ്ടാൽ ചർച്ച തൃപ്തികരമെന്ന് തോന്നുന്നില്ലെയെന്നാണ് കുഞ്ഞാലിക്കുട്ടി ചോദിച്ചത്. അതിനിടെ ലീഗിന് മൂന്നാം സീറ്റ് നൽകാനാകില്ലെന്നും പകരം രാജ്യസഭ സീറ്റ് നൽകാമെന്നും കോൺഗ്രസ് അറിയിച്ചതായുള്ള വാർത്ത പുറത്ത് വരുന്നുണ്ട്.


Reactions

Post a Comment

0 Comments